കക്ഷത്തിലുള്ളത് പോയി... ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല!!! ഈ ഒപിഎസ് എന്തൊരു ദുരന്തമാണ്? ശശികലദുര്‍ഗ?

Subscribe to Oneindia Malayalam
ചെന്നൈ: മലയാളത്തിലെ ആ പഴഞ്ചൊല്ലുപോലെ ആയി പനീര്‍ശെല്‍വത്തിന്റെ അവസ്ഥ- കക്ഷത്തിലുള്ളത് പോവുകയും ചെയ്തു, ഉത്തരത്തിലുള്ളത് കിട്ടുകയും ചെയ്തില്ല.

ആരുടെ വാക്ക് കേട്ടാണ് പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത് എന്ന് ഇപ്പോഴും വ്യക്തമല്ല. ബിജെപി കേന്ദ്ര നേതൃത്വം ആയിരുന്നു അത് എന്നാണ് പലരും പറയുന്നത്.

എന്തായാലും ഇനി പനീര്‍ശെല്‍വത്തിന്റെ കാര്യം അത്ര സുഖമാവില്ലെന്ന് ഉറപ്പാണ്. പളനിസ്വാമി ഭൂരിപക്ഷം തെളിയിച്ച് കഴിഞ്ഞാല്‍ പനീര്‍ശെല്‍വം മുട്ടുമടക്കി തിരിച്ചെത്തുകയേ ഉള്ളൂ വഴി. അല്ലെങ്കില്‍ ചിലപ്പോള്‍ ശശികല പ്രതികാര ദുര്‍ഗ്ഗയായി മാറും.

മൂന്ന് തവണ മുഖ്യമന്ത്രി

ഒന്നും അറിയാതെ മൂന്ന് തവണ മുഖ്യമന്ത്രി ആയ ആളാണ് പനീര്‍ശെല്‍വം. ജയലളിതയുടെ വിനീത വിശ്വസ്തന്‍. നാലാം തവണയും മുഖ്യമന്ത്രിയായി വിരാജിക്കാം എന്ന സ്വപ്‌നമാണ് ഇപ്പോള്‍ പൊലിയാന്‍ പോകുന്നത്.

 മിണ്ടാതിരുന്നെങ്കില്‍

ശശികല പറയുന്നത് കേട്ട് മിണ്ടാതിരുന്നിരുന്നെങ്കില്‍ പനീര്‍ശെല്‍വത്തിന് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നതാണ് സത്യം. കോടതി വിധി വന്നാല്‍ എന്തായിരുന്നേനെ കാര്യം?

ശശികല പോയാല്‍ വീണ്ടും ശെല്‍വം

ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് കോടതി വിധി വരുന്നതെങ്കില്‍ പനീര്‍ശെല്‍വത്തിന് തന്നെ ഒരു പക്ഷേ വീണ്ടും നറുക്ക് വീണേനെ. ആ അവസരം ആണ് ഒപിഎസ് കളഞ്ഞ് കുളിച്ചത്

ശശികല അകത്തായതിന് ശേഷമായിരുനന്നെങ്കില്‍

ശശികല ജയിലില്‍ പോയതിന് ശേഷം, വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ടാണ് പനീര്‍ശെല്‍വം കലി തുടങ്ങിയിരുന്നതെങ്കില്‍ തമിഴകത്തിന്റെ ഭാവി തന്നെ വേറൊന്നാകുമായിരുന്നു. എംഎല്‍എമാരെ ഒളിപ്പിച്ചുകടത്താന്‍ ശശികലയ്ക്ക് കഴിയുകയും ഇല്ലായിരുന്നു.

പാര്‍ട്ടി പിടിക്കാമായിരുന്നു, ഭരണവും

ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളില്‍ ശശികലയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തി ജനങ്ങളുടെ പിന്തുണ സുഗമമായി പിടിച്ചെടുക്കാമായിരുന്നു. പാര്‍ട്ടിയില്‍ പുതിയ നിയമനങ്ങള്‍ നടത്തി ശക്തിതെളിയിക്കാനുള്ള ശശികലയുടെ നീക്കങ്ങളും പൊളിക്കാമായിരുന്നു.

പക്ഷേ, നേരത്തെ ആയിപ്പോയി

എന്നാല്‍ ഈ സാധ്യത മുതലെടുക്കാന്‍ ശ്രമിക്കാതെ പനീര്‍ശെല്‍വം നടത്തിയ നീക്കമാണ് പരാജയപ്പെട്ടത്. പ്രതീക്ഷിച്ചതുപോലെ ഒന്നും നടന്നതും ഇല്ല.

പണാധിപത്യം പൊളിച്ചതോ

പനീര്‍ശെല്‍വത്തിന്റെ നീക്കങ്ങളെ മുഴുവന്‍ പൊളിച്ചത് ശശികലയുടെ പണാധിപത്യമാണെന്നും ചിലര്‍ പറയുന്നുണ്ട്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ പനീര്‍ശെല്‍വത്തിന് കഴിയാതെ പോയത് അതുകൊണ്ടാണത്രെ.

എല്ലാവരും വരുമെന്ന് വിചാരിച്ചു

ശശികലയ്‌ക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും കോടതി വിധി അവര്‍ക്ക് എതിരായി വരികയും ചെയ്താല്‍ എംഎല്‍എമാരെല്ലാം തനിക്ക് പിന്നില്‍ അണി നിരക്കും എന്ന പ്രതീക്ഷയിലായിരുന്നു പനീര്‍ശെല്‍വം. പക്ഷേ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.

മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും

ഇനിയിപ്പോള്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും കൂടി പനീര്‍ശെല്‍വത്തിന് നഷ്ടപ്പെട്ടേക്കും. പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വത്തെ പുറത്താക്കിയിരുന്നു.

കളിച്ചത് ബിജെപിയോ?

പനീര്‍ശെല്‍വത്തെ ഉപയോഗിച്ച് ലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി ആണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ അവരും കൈവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി അങ്ങോട്ട് തന്നെ

തമിഴക രാഷ്ട്രീയത്തില്‍ പനീര്‍ശെല്‍വത്തിന്റെ ഭാവി ഇനി എന്താകുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ബിജെപിയുടെ കൂടെ ചേരുക എന്നതായിരിക്കും ഒപിഎസിന്റെ മുന്നിലുള്ള ഒരു വഴി.

പക്ഷേ, അത് സംഭവിച്ചാല്‍

15 ദിവസത്തിനകം സഭയില്‍ വിശ്വാസവോട്ട് നേടണം എന്നാണ് ഗവര്‍ണര്‍ പളനിസ്വാമിയോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ പളനിസ്വാമി പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പനീര്‍ശെല്‍വത്തിന്റെ വഴിയേ തന്നെ വരും.

English summary
Panneerselvam lost waht he had in his hand and what he desired in Tamil Nadu Politics.
Please Wait while comments are loading...