പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം വേണ്ട; പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്
ദില്ലി: പാര്‍ലമെന്റില്‍ അണ്‍പാര്‍ലമെന്റ് ലിസ്റ്റ് കൊണ്ടുവന്നത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ മറ്റൊരു വിലക്ക് കൂടി വന്നിരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുതെന്നാണ് നിര്‍ദേശം. ലഘുലേഖകള്‍ വിതരണം ചെയ്യാനോ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മണ്‍സൂണ്‍ സെഷനില്‍ ഇത്രയും കാര്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. തുടര്‍ച്ചയായിട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ നേരിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നേരത്തെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു. ഇതിന് പിന്നാലെ പുതിയ വിലക്ക് വന്നിരിക്കുന്നത്. ഈ നിയമം ലംഘിച്ച് വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്.

സ്പീക്കറുടെ അനുമതിയില്ലാതെ ലഘുലേഖകള്‍ വിതരണം ചെയ്യാനോ, ചോദ്യാവലികളോ പത്രക്കുറിപ്പുകളോ സഭയ്ക്കുള്ളില്‍ നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇതിനൊപ്പം പ്ലക്കാര്‍ഡും പാര്‍ലമെന്റ് കോംപ്ലക്‌സിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ കുറിപ്പില്‍ പറയുന്നു. ലഘുലേഖകളും ചോദ്യാവലികളും വാര്‍ത്താക്കുറിപ്പുകളും അച്ചടിച്ചവയാണെങ്കില്‍ വിതരണം ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതെല്ലാം അടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതായും പാലിക്കണമെന്നുമാണ് നിര്‍ദേശം.
നേരത്തെ പാര്‍ലമെന്റില്‍ അഴിമതി അടക്കം അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവസം ലോക്‌സഭാ സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യസഭാ ജനറല്‍ സെക്രട്ടറി പിസി മോദിയുടേതാണ് ഉത്തരവ്. ഒറ്റവരിയിലായിരുന്നു ഈ ഉത്തരവിറക്കിയത്. മതപരമായ ചടങ്ങുകയും പാര്‍ലമെന്റ് മന്ദിര വളപ്പില്‍ അനുവദിക്കില്ല. പ്രകടനം, ധര്‍ണ, സമരം ഉപവാസം എന്നിവയും പാടില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. അതേസമയം ഉത്തരവ് ലംഘിച്ചാല്‍ നടപടിയുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖലിസ്ഥാനി, വിനാശ പുരുഷന്‍, തുടങ്ങിയ അറുപതിലേറെ വാക്കുകള്‍ പാര്‍ലമെന്റിന് ഉള്ളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ഒരു വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകള്‍ നിന്ന് നീക്കം ചെയ്യും.












Click it and Unblock the Notifications