രാഹുല്‍ ഗാന്ധിയുടെ പരാമർശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കി: ഒഴിവാക്കിയതില്‍ അംബാനി, അദാനി ഭാഗങ്ങളും
ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കി ലോക്സഭ. രാഹുല്‍ ഗാന്ധി രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ശക്തമായ രീതിയില്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പ്രസംഗം രേഖകളില്‍ നിന്നും നീക്കിയത്.
ഹിന്ദുക്കളെന്ന് നടിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നായിരുന്നു ഭരണപക്ഷത്തേയും ബി ജെ പിയേയും ഉന്നമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞത്. പരമശിവന്‍റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ ദീർഘമായ പ്രസംഗം രാഹുല്‍ ഗാന്ധി ആരംഭിച്ചത്.

'അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെയും ചിഹ്നം. അഭയമുദ്രയിലൂടെ ഭഗവാന്‍ തരുന്നത് ആരേയും ഭയക്കരുതെന്ന സന്ദേശമാണ്. എല്ലാ മതങ്ങളും അതാണ് പഠിപ്പിക്കുന്നത്. ഹിന്ദുമതം അഹിംസയുടെയും സത്യത്തിന്‍റെയും മതമാണെന്നും. എന്നാല്‍ ഇവിടെ ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ വെറുപ്പും ഹിംസയും അസത്യവും പ്രചരിപ്പിക്കുന്നു' ഭരണഭക്ഷത്തെ നോക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ മൊത്തം ഹിന്ദുക്കളെയുമാണ് അപമാനിച്ചതെന്ന അവകാശവാദവുമായി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്ത് വരികയായിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണ ഭക്ഷം ഒന്നാകെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. 'ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കും മോദിക്കും അല്ല' എന്നായിരുന്നു ആ സമയത്ത് ബി ജെ പിക്ക് രാഹുല്‍ നല്‍കിയ മറുപടി.
രാഹുലിന്റെ പരാമർശങ്ങള്‍ പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം രേഖകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. രേഖകളില്‍ നിന്നും നീക്കിയ ഭാഗങ്ങളില്‍ ബി ജെ പി, ആർ എസ് എസ് സംഘടനകൾക്കെതിരെയുള്ള രാഹുലിന്റെ ചില പരാമർശങ്ങളുമുണ്ട്.
കോർപ്പറേറ്റുകളായ അംബാനി, അദാനി എന്നിവരെക്കുറിച്ചുള്ള പറയുന്ന ഭാഗങ്ങളും ന്യൂനപക്ഷങ്ങളെ ബി ജെ പി ആക്രമിക്കുന്നു എന്ന പരാമർശങ്ങളും നീക്കിയതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ അഗ്നീവീർ പദ്ധതി സൈനത്തിന്റേത് അല്ല അത് പ്രധാനമന്ത്രിയുടെ ഓഫീസിന്റേതാണ്, നീറ്റ് പരീക്ഷ സമ്പന്നർക്ക് മാത്രമുള്ളതാണ് നന്നായി പഠിച്ച് വരുന്നവർക്ക് സ്ഥാനമില്ലെന്ന ഭാഗങ്ങളും സഭ രേഖകളില്‍ നിന്നും ഒഴിവാക്കി.












Click it and Unblock the Notifications