നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ചോദ്യാത്തേരവേള തടസ്സപ്പെടുത്തി, മന്ത്രിയുടെ രാജിക്കായി പ്രതിഷേധം
ദില്ലി: പാര്‍ലമെന്റില്‍ ഏറ്റവും കലുഷിതമായ ദിനമായിരുന്നു ഇന്ന്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭാ നടപടികള്‍ തടസ്സപ്പെടുത്തി. നടുത്തളത്തിലേക്ക് പ്രതിപക്ഷ അംഗങ്ങള്‍ എത്തുന്നത് വരെ ഇന്ന് കണ്ടു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഇന്നും പ്രതിഷേധം തുടര്‍ന്നു. പൊതു മേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെയും ലയന പദ്ധതികള്‍ക്കുമെതിരെയും പ്രതിഷേധം നടന്നു. രാജ്യസഭയിലും എംപിമാരുടെ സസ്‌പെന്‍ഷന്‍ സജീവ ചര്‍ച്ചാ വിഷയമായി. ഒടുവില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്താനും ആവശ്യപ്പെടുന്നതാണ് കണ്ടത്.
രാജ്യസഭയില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. ഒരു ദിവസത്തേക്ക് തന്നെ രാജ്യസഭ പിരിയേണ്ടി വന്നു. ഇന്നത്തെ ബില്ലുകള്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സഭ പിരിഞ്ഞത്. സഭാ നടപടികളുമായി മുന്നോട്ട് പോകാനാവാതെ വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ എംപിമാരുടെ സസ്‌പെന്‍ഷനില്‍ ഒരു ഒത്തുതീര്‍പ്പിലെത്തണമെന്ന് വെങ്കയ്യ നായിഡു നിര്‍ദേശിച്ചത്. രാജ്യസഭാ നേതാവ് പിയൂഷ് ഗോയലും പ്രതിപക്ഷത്തെ സീനിയര്‍ എംപിമാരെയും താന്‍ നേരിട്ട് കണ്ടുവെന്നും, ഇവരോട് ചര്‍ച്ചകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നായിഡു വ്യക്തമാക്കി. രാജ്യസഭയ്ക്ക് കൃത്യമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനായി ചര്‍ച്ച നടത്തണം. ഇതിന് സൗകര്യമൊരുക്കുന്നതിനായി സഭ പിരിയുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
രാജ്യസഭ ചേര്‍ന്ന് മിനുട്ടുകള്‍ക്കുള്ളിലായിരുന്നു നായിഡുവിന്റെ പ്രഖ്യാപനം. പ്രതിപക്ഷ എംപിമാര്‍ തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്നതില്‍ സര്‍ക്കാരും നിരാശയിലാണ്. എംപിമാര്‍ മാപ്പുപറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ലോക്‌സഭയിലും ഇന്ന് ബഹളങ്ങള്‍ ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സഭാ നിര്‍ത്തിവെച്ചത്. കേന്ദ്ര മന്ത്രി അജയ് മിശ്രയെ ലഖിപുര്‍ ഖേരിയിലെ അക്രമത്തെ തുടര്‍ന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. മിശ്രയുടെ രാജി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിനം ചോദ്യോത്തര വേള തടസ്സപ്പെട്ടു.
പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് ലോക്‌സഭയുടെ നടത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു. തുടര്‍ച്ചയായ മുദ്രാവാക്യം വിളികളും ഒപ്പം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രിതഷേധവും സഭയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സഭാ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. ചോദ്യത്തോരവേളകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും, ഈ സമയത്ത് മുദ്രാവാക്യം വിളിക്കുന്നത് നല്ലതല്ലെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. നിങ്ങള്‍ക്ക് സഭ നടത്തണ്ടേ, ചര്‍ച്ച വേണ്ടേ എന്നും എംപിമാരോട് സ്പീക്കര്‍ ചോദിച്ചു. സഭയിലെ വസ്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കരുതെന്ന മുന്നറിയിപ്പും സ്പീക്കര്‍ നല്‍കി. അത്തരം അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അത് അംഗങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.