
മതപരിവര്‍ത്തനം; പാസ്റ്ററെ പോലീസ് സ്‌റ്റേഷനില്‍ കയറി മര്‍ദ്ദിച്ചു, ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
റായ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് പാസ്റ്ററെ പോലീസ് സ്‌റ്റേഷനില്‍ കയറി മര്‍ദ്ദിച്ചു. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്തീസ്ഗഡിലെ റായ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പാസ്റ്റര്‍ക്കൊപ്പമുള്ളവരും അക്രമിച്ചവരും തമ്മില്‍ സ്റ്റേഷനില്‍ വച്ച് രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. റായ്പുരിലെ പുരനി ബസ്തിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ക്രൈസ്തവ പുരോഹിതര്‍ ശ്രമിക്കുന്നു എന്ന് പോലീസില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാസ്റ്ററെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. ഈ വേളയിലാണ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് മുമ്പില്‍ വച്ച് പാസ്റ്ററെ നിരവധി പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍ 'അപ്രത്യക്ഷം'... യുഡിഎഫ് ഭരണം വീഴും? എസ്ഡിപിഐ നിലപാട് നിര്‍ണായകം
പാസ്റ്ററെ ചോദ്യം ചെയ്യുന്നു എന്നറിഞ്ഞ് പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടമായി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. മതംമാറ്റം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പാസ്റ്റര്‍ക്കൊപ്പം ചില ക്രൈസ്തവ നേതാക്കളും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പാസ്റ്ററെ എസ്എച്ച്ഒയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവിടെ വന്ന് ചിലര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. ചെരുപ്പ് കൊണ്ട് പാസ്റ്ററെ അടിക്കുകയും മതിലില്‍ ചേര്‍ത്ത് ഇടിക്കുകയും ചെയ്തു. മോശമായ പദപ്രയോഗങ്ങള്‍ നടത്തി.
പാസ്റ്ററെ മര്‍ദ്ദിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ തന്നെയുള്ള ചിലരാണ് വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. പ്രദേശത്ത് ഏറെ കാലമായി പ്രവര്‍ത്തിക്കുന്നവരാണ് പാസ്റ്ററും സംഘവും. ഇവര്‍ മതംമാറ്റം നടത്തുന്നുണ്ട് എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പാസ്റ്റര്‍ ഹരിഷ് സാഹുവിന്റെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നതെന്ന് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം ജനറല്‍ സെക്രട്ടറി അന്‍കുഷ് ബരിയേക്കര്‍ പ്രകാശ് മസീഹ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റുവെന്നാണ് വിവരം.
A pastor was allegedly beaten inside a police station in Raipur pic.twitter.com/jjNFgz2JGg
— Anurag Dwary (@Anurag_Dwary) September 5, 2021
ഒടുവില്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ഓഫീസില്‍ നിന്ന് അവര്‍ പുറത്തിറക്കി. ആ വേളയിലും പാസ്റ്റര്‍ക്കെതിരെ അവര്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. അതേസമയം, പാസ്റ്റര്‍ നല്‍കിയ പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്‌റ്റേഷനിലെ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, മതംമാറ്റം നടത്തി എന്ന പരാതി പോലീസ് പരിശോധിച്ചുവരികയാണ്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് എഎസ്പി തരകേശ്വര്‍ പട്ടേല്‍ പറഞ്ഞു. മതംമാറ്റം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞാഴ്ച മറ്റൊരു പാസ്റ്റര്‍ക്ക് കബീര്‍ദാം ജില്ലയില്‍ മര്‍ദ്ദനമേറ്റിരുന്നു. ഇതിനെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധം തുടരവെയാണ് പുതിയ സംഭവം.