പവൻ കല്യാണിന്റെ മകന് സ്കൂളിലെ തീപിടുത്തത്തില്‍ പരിക്ക്: പക്ഷെ താരത്തിന്റെ ആദ്യ പരിഗണന ഇതിന്
വിശാഖപട്ടണം: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി പ്രസിഡന്റുമായ പവൻ കല്യാണിന്റെ മകന് തീപിടുത്തത്തില്‍ പരിക്കേറ്റു. പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കർ പവനോവിച്ചിനാണ് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തതിനിടെ പരിക്കേറ്റത്. തീപിടുത്തത്തിൽ ശങ്കറിന്റെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റവെന്നാണ് ജനസേന പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പുക ശ്വസിച്ചതിനെ തുടർന്ന് ശ്വസന ബുദ്ധിമുട്ടും മാർക്ക് ശങ്കറിന് അനുഭവപ്പെട്ടു. തീപ്പിടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഔദ്യോഗിക പര്യടനത്തിലായ പവൻ കല്യാണിനോട് പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും യാത്ര വെട്ടിച്ചുരുക്കി സിംഗപ്പൂരിലേക്ക് പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

സിംഗപ്പൂരിലേക്ക് പോകാന്‍ പാർട്ടി നിർദേശമുണ്ടെങ്കിലും അരകുവിനടുത്തുള്ള കുരിഡി ഗ്രാമത്തിലെ ആദിവാസി നിവാസികളെ കാണാമെന്ന് താൻ വാക്ക് നൽകിയിരുന്നുവെന്നും ആ വാഗ്ദാനം പാലിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അദ്ദേഹം സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന മകന്റെ അടുത്തേക്ക് പോകുക.
ജില്ലയിൽ നിരവധി വികസന സംരംഭങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ഈ പരിപാടികള്‍ക്ക് ശേഷം പവൻ കല്യാൺ സിംഗപ്പൂരിലേക്ക് പോകുമെന്നും ജനസേന പാർട്ടി പ്രതിനിധികൾ സ്ഥിരീകരിച്ചു. ആദിവാസി മേഖലയിലെ പര്യടനം അവസാനിപ്പിച്ച ശേഷം വിശാഖപട്ടണത്തേക്ക് പോകുന്ന പവന്‍ കല്യാണ്‍ അവിടെ നിന്നുമായിരിക്കും സിംഗപ്പൂരിലേക്ക് വിമാനം കയറുക.
2017 ഒക്ടോബർ 10 ന് ജനിച്ച മാർക്ക് ശങ്കർ സിംഗപ്പൂരിലാണ് പഠിക്കുന്നത്. റഷ്യൻ പൗരയായ അന്ന ലെഷ്നേവയാണ് മാർക്ക് ശങ്കറിന്റെ മാതാവ്. 2013 സെപ്റ്റംബറിൽ ഹൈദരാബാദിലെ ഒരു സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു പവന്‍ കല്യാണ്‍ - അന്ന ലെഷ്നേവ വിവാഹം. പ്രമുഖ സിനിമ താരം കൂടിയായ അദ്ദേഹത്തിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്.
അതേസമയം, തന്റെ ഔദ്യോഗിക വാഹനവ്യൂഹത്തിന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം കാരണം വിദ്യാർത്ഥികള്‍ക്ക് ജെഇഇ പരീക്ഷ എഴുതാന്‍ പരീക്ഷ കേന്ദ്രത്തിലേക്ക് എത്താനായില്ലെന്ന ആരോപണം അന്വേഷിക്കാന്‍ പവന്‍ കല്യാണ്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട വസ്തുതകൾ കണ്ടെത്താൻ ഉപമുഖ്യമന്ത്രി വിശാഖപട്ടണം പോലീസിനോട് നിർദ്ദേശിച്ചതായി പവൻ കല്യാണിന്റെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
"എത്ര സമയത്തേക്ക് വാഹനവ്യൂഹത്തിനായി ഗതാഗതം നിർത്തിവച്ചു? ആ സമയത്ത് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ട റൂട്ടുകളിലെ ഗതാഗത സാഹചര്യം എന്തായിരുന്നു? സർവീസ് റോഡുകളിൽ എന്തെങ്കിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നോ?" തുടങ്ങിയ കാര്യങ്ങളായിരിക്കും അന്വേഷിക്കുക.












Click it and Unblock the Notifications