അക്കാര്യം ചെയ്താല്‍ ഒരു സീറ്റിലും മത്സരിക്കാതെ മാറി നില്‍ക്കാം: കോണ്‍ഗ്രസ് സഖ്യത്തോട് പിഡിപി
ശ്രീനഗർ: ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി മെഹബൂബ മുഫ്തിയുടെ പിഡിപി. പ്രകടന പത്രിക പുറത്തിറക്കിയതിനോടൊപ്പം തന്നെ നിർണ്ണായകമായ മറ്റൊരു പ്രഖ്യാപനവും മെഹബൂബ മുഫ്തി നടത്തിയിട്ടുണ്ട്. നാഷണൽ കോൺഫറൻസിനും കോൺഗ്രസിനും സ്വീകാര്യമാണെങ്കിൽ അവരുടെ സഖ്യത്തിന് പിന്തുണ നൽകുമെന്നും തങ്ങള്‍ ഒരു സീറ്റിലും മത്സരിക്കില്ലെന്നുമാണ്‍ മുന്‍ ജമ്മു കശ്മീർ മുഖ്യമന്ത്രിയുടെ പ്രതികരണം.
'ഞങ്ങളുടെ പ്രകടനപത്രിക അംഗീകരിക്കാനും കശ്മീർ പ്രശ്‌നപരിഹാരത്തിന് സമ്മതം നൽകാനും നാഷണല്‍ കോണ്‍ഫറന്‍സും കോൺഗ്രസും തയ്യാറാണെങ്കിൽ, ഒരു സീറ്റിലും മത്സരിക്കാതെ ഞങ്ങൾ അവരെ പിന്തുണയ്ക്കും,' മെഹബൂബ പറഞ്ഞു. ലൈന്‍ ഓഫ് കണ്‍ട്രോളിലുടനീളം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം പുനഃസ്ഥാപിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണം എന്നത് ഉള്‍പ്പെടേയുള്ള നിർദേശങ്ങളും പി ഡി പിയുടെ പ്രകടന പത്രികയിലുണ്ട്. ഇതേ കാര്യം നാഷണൽ കോൺഫറൻസ് അതിൻ്റെ പ്രകടനപത്രികയിലെ 12 ഉറപ്പുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

അനുരഞ്ജനത്തിനായി ഞങ്ങൾ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ സ്ഥിതി കൂടുതൽ വഷളായി. ഈ സമയത്താണ് കശ്മീർ വിഷയം സീറ്റ് വിഭജനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പക്ഷേ അത് വളരെ വലുതാണ്, അത് ഇപ്പോഴും നിലനിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.
നിയന്ത്രണരേഖയിലുള്ള തുറന്ന വ്യാപാരത്തിന് പുറമെ താമസക്കാർക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ആരാധനാലയങ്ങൾക്കും സൗജന്യ വൈദ്യുതി, സൗജന്യ കുടിവെള്ളം, വീട്ടിൽ 1 മുതൽ 6 വരെ ആളുകളുള്ള പാവപ്പെട്ടവർക്ക് ആവശ്യത്തിന് അരിയും റേഷനും ഉറപ്പ് വരുത്തുക, പാവപ്പെട്ട കുടുംബത്തിന് പ്രതിവർഷം 12 സിലിണ്ടറുകൾ തുടങ്ങിയവയും പി ഡി പിയുടെ പ്രകടന പത്രികയിലെ വാഗ്ധാനങ്ങളാണ്.
കൂടാതെ, വാർദ്ധക്യ പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷ ഇരട്ടിയാക്കുമെന്നും പി ഡി പി കൂട്ടിച്ചേർത്തു. നിയന്ത്രണ രേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ശാരദാ പീഠം ഒരു സമ്പൂർണ്ണ മത തീർഥാടന കേന്ദ്രമായി തുറക്കണമെന്ന ആവശ്യവും മെഹബൂബ മുഫ്തിയുടെ പാർട്ടി മുന്നോട്ട് വെക്കുന്നു.
അഫ്‌സ്‌പ അസാധുവാക്കൽ, ജമ്മു ആന്‍ കശ്മീർ മനുഷ്യാവകാശ കമ്മീഷൻ പുനഃസ്ഥാപിക്കൽ, ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭൂമി, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക, പ്രാദേശിക ഉൽപാദകർക്ക് പ്രയോജനം ചെയ്യുന്നതിനാ ആപ്പിളിന് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ധാനങ്ങള്‍.
അതേസമയം,ജമ്മു കശ്മീല്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് സെപ്തംബർ 18 ന് ആരംഭിച്ച് ഒക്ടോബർ 1 ന് അവസാനിക്കും. ഫലം ഒക്ടോബർ 4 ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനായി നാഷണല്‍ കോണ്‍ഫറന്‍സും കോൺഗ്രസും തെരഞ്ഞെടുപ്പിനായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. ബി ജെ പിയും സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്.












Click it and Unblock the Notifications