പെമാ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പെമാ ഖണ്ഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിയും സന്നിഹിതനായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് 36 കാരനായ പെമാ ഖണ്ഡു.
വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ശേഷമാണ് പെമാ ഖണ്ഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിതാവിന്റെ മരണത്തോടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വ്യക്തിയാണ് പെമാ ഖണ്ഡു. 2011 മെയ് മാസത്തിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെമാ ഖണ്ഡുവിന്റെ പിതാവ് ദോര്‍ജി ഖണ്ഡു മരണപ്പെടുകയായിരുന്നു.

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പെമാ ഖണ്ഡു തൂകി മന്ത്രി സഭയില്‍ ജനവിഭവ വകുപ്പും ടൂറിസം വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് അരുണാചലില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖണ്ഡുവിന്റെ പേര് നിര്‍ദേശിച്ചത്.
ഇതോടെ വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്ന് വെക്കുകയായിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നബാം തുക്കിയുടെ നേതൃത്വത്തില്‍ ഭരണത്തില്‍ തിരിച്ചെത്തിയ സര്‍ക്കാറിന് തിരിച്ചടിയായി തൊട്ടു പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications