'ഇന്ത്യയില്‍ 15 രൂപക്ക് ഒരു ലിറ്റർ പെട്രോള്‍ നല്‍കാം': പക്ഷെ അക്കാര്യം ചെയ്യണമെന്ന് നിതിന്‍ ഗഡ്കരി
ഡല്‍ഹി: 'രാജ്യത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ അമ്പത് രൂപക്ക് ഒരു ലിറ്റർ പെട്രോള്‍ നല്‍കും', പെട്രോള്‍ വില വർധനവ് ഉണ്ടാവുമ്പോഴൊക്കെ കെ സുരേന്ദ്രനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികള്‍ 'കുത്തിപ്പൊക്കുന്ന' അദ്ദേഹത്തിന്റെ തന്നെ പഴയ പ്രസ്താവനയാണ്. പെട്രോള്‍ വില ലിറ്ററിന് എഴുപതുകളില്‍ നില്‍ക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ ഈ പ്രസ്താവന.
സുരേന്ദ്രന് സമാനമായ പ്രസ്താവന മറ്റ് പല ബിജെപി നേതാക്കളും അന്ന് നടത്തിയിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷവും ചരിത്രത്തിലില്ലാത്ത വിധത്തില്‍ പെട്രോള്‍ വില കുതിച്ചുകൊണ്ടിരിക്കുന്നതാണ് രാജ്യം കണ്ടത്. നിലവില്‍ ഒരു ലിറ്റർ പെട്രോളിന് 109. 73 രൂപയാണ് തിരുവനന്തപുരത്ത് നല്‍കേണ്ടത്. ഡീസലിന് 98.53 രൂപയും നല്‍കണം. എന്നാല്‍ ഇതിനിടയിലാണ് രാജ്യത്ത് 15 രൂപയ്ക്ക് പെട്രോള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള അവകാശ വാദവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ 60% എത്തനോളും 40% വൈദ്യുതിയും വഹിക്കുകകയാണെങ്കില്‍ ലിറ്ററിന് 15 രൂപ നിരക്കിൽ പെട്രോള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് നിതിന്‍ ഗഡ്കരി. ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
'ശരാശരി 60% എത്തനോളും 40% വൈദ്യുതിയും ഉപയോഗിക്കുകയാണെങ്കില്‍ പെട്രോൾ ലിറ്ററിന് 15 രൂപ നിരക്കിൽ ലഭ്യമാകും, അത് ജനങ്ങൾക്ക് ഗുണം ചെയ്യും. അതോടൊപ്പം തന്നെ മലിനീകരണവും ഇറക്കുമതിയും കുറയും. 16 ലക്ഷം കോടി രൂപയാണ് ഇറക്കുമതിക്ക് വേണ്ടി ചിലവഴിക്കുന്നത്. ഇറക്കുമതി ഇല്ലാതാവുന്നതോടെ പകരം ഈ പണം കർഷകരുടെ വീടുകളിലേക്കായിരിക്കും പോകുക'. - നിതിന്‍ ഗഡ്കരി പറയുന്നു.
കർഷകരെ "അന്നദാതാ"ക്കളും (ഭക്ഷണ ദാതാക്കൾ) "ഉർജദാതാ"ക്കളും (ഊർജ്ജ ദാതാക്കൾ) ആക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പ്രതാപ്ഗഡിൽ 5600 കോടി രൂപയുടെ 11 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണവും നിതിൻ ഗഡ്കരി ചൊവ്വാഴ്ച നിർവഹിച്ചു. 219 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, 3,775 കോടി രൂപ ചെലവ് വരുന്ന നാല് ദേശീയ പാത പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
ഫത്തേനഗറിലെ ദേശീയ പാത 162 എയിൽ നാലുവരി റെയിൽവേ മേൽപ്പാലം നിർമിക്കുന്നത് റെയിൽവേ ക്രോസിംഗിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് മന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് പിന്നാലെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ' മന്ദ്രയാലിലെ ചമ്പൽ നദിയിലെ ഹൈലെവൽ പാലത്തിന്റെ നിർമ്മാണവും മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ പാലം പണിയുന്നതോടെ മന്ദ്രയാൽ, രാജസ്ഥാനിലെ കരൗലി, മധ്യപ്രദേശിലെ സബൽഗഡ് എന്നിവയ്ക്കിടയിലെ ഗതാഗതം വലിയ രീതിയില്‍ മെച്ചപ്പെടും'-ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
രാജസ്ഥാനിൽ, കേന്ദ്ര റോഡ്‌സ് ഫണ്ടിന് കീഴിൽ 2250 കോടി രൂപ ചെലവിൽ 74 പദ്ധതികളുടെ അംഗീകാരവും ചൊവ്വാഴ്ചത്തെ ഈ പരിപാടിയിൽ പ്രഖ്യാപിച്ചു. ഈ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. "പ്രതാപ്ഗഡ് ബൈപാസിന്റെ നിർമ്മാണം നഗരത്തിനുള്ളിലെ ഗതാഗത പ്രശ്നങ്ങള്‍ കുറയ്ക്കും. റാസിൽ നിന്ന് ബിയോറയിലേക്കുള്ള റോഡ് നിർമ്മാണം ഭിൽവാര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൂടുതല്‍ സൗകര്യമൊരുക്കും. ദുംഗർപൂർ, ഉദയ്പൂർ, ബൻസ്വാര മേഖലകളിലെ ആദിവാസി മേഖലകൾക്കും റോഡ് ഉപകാരപ്രദമായിരിക്കും. സാങ്‌വാരയിലും ഗാർഹിയിലും ബൈപാസ് നിർമിക്കുന്നതോടെ ദുംഗർപൂർ-ബൻസ്‌വാര ദൂരം 10 കിലോമീറ്റർ കുറയും.'- ഗതാഗത മന്ത്രാലയം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications