''ഫോൺ എത്ര വേണമെങ്കിലും ചോർത്തിക്കൊളളൂ, ഇതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല'', പ്രതികരിച്ച് രാഹുൽ ഗാന്ധി
ഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും സര്‍ക്കാരും തമ്മിലുളള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് പ്രതിപക്ഷ നേതാക്കളെ ഉന്നം വെച്ചുളള നീക്കങ്ങളെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്നുളള മുന്നറിയിപ്പ് സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചുവെന്ന് പ്രതിപക്ഷത്തെ നിരവധി നേതാക്കളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിംഗ് ഡിയോ, കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, സുപ്രിയ ശ്രിനാതെ, ശശി തരൂര്‍, അടക്കമുളളവര്‍ക്കാണ് മുന്നറിയിപ്പ് സന്ദേശം തങ്ങളുടെ ഐഫോണില്‍ ലഭിച്ചിരിക്കുന്നത്. ഈ നേതാക്കളെല്ലാം തന്നെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അദാനി വിഷയം ഉയര്‍ത്തിയിട്ടുളളവരാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇവരെ കൂടാതെ ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി, എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ക്കും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്നുളള സന്ദേശം ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും തങ്ങള്‍ മുട്ട് മടക്കില്ലെന്ന് രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
''ഞങ്ങള്‍ പോരാളികളാണ്. ഒരിക്കലും പിന്നോട്ട് പോകില്ല. നിങ്ങള്‍ക്ക് എത്രവരെ ഫോണ്‍ ചോര്‍ത്തണമോ അത് വരേയ്ക്കും ചെയ്‌തോളൂ. അതൊന്നും എനിക്കൊരു വിഷയമല്ല. ഇനി എന്റെ ഫോണ്‍ തന്നെ വേണം എന്നാണെങ്കില്‍ അതും നിങ്ങള്‍ക്ക് തരാന്‍ ഒരുക്കമാണ്'', രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുകളില്‍ രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യനായി അദാനി മാറിയിരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
''പത്രക്കാര്‍ പറയുന്നത് പോലെ നമ്പര്‍ വണ്‍ മോദിയും നമ്പര്‍ ടു അമിത് ഷായും ആയിരുന്നു. ഇപ്പോള്‍ നമ്പര്‍ വണ്‍ അദാനി, നമ്പര്‍ ടു മോദി, നമ്പര്‍ ത്രീ അമിത് ഷാ എന്ന നിലയ്ക്കാണ് റാങ്കിംഗ്. കൂട്ടിലടയ്ക്കപ്പെട്ട തത്തയ്ക്കുളളില്‍ ആത്മാവ് അകപ്പെട്ട രാജാവിന്റെ കഥ പോലെയാണ് ഇവിടുത്തെ കാര്യങ്ങള്‍. നരേന്ദ്ര മോദിയുടെ ആത്മാവാണ് അദാനി. മോദിയെ നമ്മള്‍ എത്ര തന്നെ വിമര്‍ശിച്ചാലും അതൊന്നും അദ്ദേഹത്തിന് ഏല്‍ക്കില്ല. കാരണം അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരിടത്താണ്. അക്കാര്യം ഇപ്പോള്‍ നമുക്ക് മനസ്സിലായിരിക്കുന്നു''. പ്രധാനമന്ത്രി അദാനിയുടെ ശമ്പളക്കാരനാണ് എന്നും അദാനിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത് എന്നും അധികം വൈകാതെ തന്നെ ജനം തിരിച്ചറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications