ഡിജിറ്റല്‍ വിപ്ലവത്തിന് ഇന്ത്യ, എഐ ട്രാന്‍സ്ലേറ്റര്‍ ഭാഷിണി എല്ലാ ഭാഷകളിലും; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജി20 ഡിജിറ്റല്‍ ഇക്കോണമി യോഗത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയെ സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഷാ വിവര്‍ത്തന പ്ലാറ്റ്‌ഫോമായ ഭാഷിണിയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം എല്ലാ ഭാഷകളിലും ലഭ്യമാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച ഭാഷാ വിവര്‍ത്തന ഉപകരണമാണ് ഭാഷിണി.
ഏത് കാര്യത്തിനുമുള്ള പരിഹാരത്തിന് ഇന്ത്യ നല്ലൊരു പരീക്ഷണ ശാലയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ വിജയിക്കുന്ന ഏതൊരു കാര്യവും ലോകത്തെവിടെയും വിജയിക്കുമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിംഗ് ഗ്രൂപ്പ് മിനിസ്റ്റേഴ്‌സ് മീറ്റിനെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഭാഷിണി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് മോദി പറഞ്ഞു.

ഈ ഭാഷാ വിവര്‍ത്തന ഉപകരണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന എല്ലാ ഭാഷകളിലേക്കും ഭാഷിണി എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഡിജിറ്റല്‍ പുരോഗതിയെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുകളാണ് ഇന്ത്യയിലുള്ളത്. ഇന്ന് രാജ്യത്ത് 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. അവര്‍ക്കെല്ലാം കുറഞ്ഞ നിരക്കിലാണ് ഡാറ്റ ലഭ്യമാവുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും സാമ്പത്തിക പുരോഗതി ഉണ്ടാക്കാനായി ഇന്ത്യ സാങ്കേതികവിദ്യയെ എങ്ങനെ ആശ്രയിച്ചു എന്നും മോദി വ്യക്തമാക്കി. രാജ്യത്തെ 130 കോടി ജനങ്ങളെയും ആധാറുമായി ബന്ധിപ്പിച്ചു. ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ബന്ധിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയില്‍ എല്ലാ വിഭാഗം ആളുകളുടെയും പുരോഗതിയെ പുതിയൊരു പാതയിലേക്ക് കൊണ്ടുപോയെന്നും മോദി പറഞ്ഞു.
മാനവികത നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു പരിസ്ഥിതിയെ രൂപപ്പെടുത്തിയെടുക്കണമെന്നും മോദി നിര്‍ദേശിച്ചു. സഹകരണവും, നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ത്യ ഭാഷിണിയെ വികസിപ്പിച്ചെടുക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ചാറ്റ് ജിപിടി തരംഗമാകുന്നതിന് മുമ്പ് 2021-22 കേന്ദ്ര ബജറ്റില്‍ ഇന്ത്യ ഭാഷാ വിവര്‍ത്തനത്തെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതൊരു സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപിച്ചത്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവരില്‍ നടത്തിയ സര്‍വേയില്‍ 50 ശതമാനം ആളുകളും പറഞ്ഞത്, സ്വന്തം ഭാഷയില്‍ ഇന്റര്‍നെറ്റ് ലഭ്യമായാല്‍ അത് ഉപയോഗിക്കുമെന്നായിരുന്നു. ഇതാണ് ഭാഷിണിയുടെ ലോഞ്ചിംഗിന് കാരണമായത്.
പ്രാദേശിക ഭാഷകളില്‍ ഓരോ വാക്കും കൃത്യമായി മൊഴി മാറ്റാന്‍ ഇതിലൂടെ സാധിക്കും. ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ ഭാഷകളിലെ കണ്ടന്റും ഇതിലൂടെ വര്‍ധിപ്പിക്കും. വിവിധ ഭാഷകളില്‍ സ്റ്റാര്‍ട്ടപ്പുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യാനും, അതിന് വേണ്ട അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാനും ഇതിലൂടെ സാധിക്കും. അതാണ് ഭാഷിണിയുടെ ലക്ഷ്യം.












Click it and Unblock the Notifications