പ്രതിഷേധിച്ച് തളര്‍ന്ന ആപ്പ് നേതാവിന് മോദിയുടെ വക വെള്ളം!
ദില്ലി: തനിക്കെതിരെ മുദ്രാവാക്യം വിളിച്ച് തളര്‍ന്ന സഹ എം പിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക ഒരു ഗ്ലാസ് വെള്ളം. ഡിസംബര്‍ 16 ബുധനാഴ്ചയാണ് പാര്‍ലമെന്റില്‍ രസകരമായ സംഭവം നടന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സമുച്ചയത്തില്‍ സി ബി ഐ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആം ആദ്മി പാര്‍ട്ടി എം പിമായ ഭഗവത് മന്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചത്.
ആകെ നാല് എം പി മാരാണ് ആം ആദ്മി പാര്‍ട്ടിക്ക് ഉള്ളത്. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഭഗവത് മന്‍ ക്ഷീണിച്ച് പരവശനായി വെള്ളത്തിന് വേണ്ടി തിരഞ്ഞു. ഇത് കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പുഞ്ചിരിച്ചുകൊണ്ട് ഒരു ഗ്ലാസ് വെള്ളം എം പിയുടെ മേശയിലേക്ക് നീക്കിവെക്കുകയായിരുന്നു. സങ്കോചമൊന്നും കൂടാതെ ഭാഗവത് മന്‍ വെള്ളം കുടിക്കുകയും ചെയ്തു.

വെള്ളം കുടിച്ചതും മോദിയും ഭഗവത് മനും പരസ്പരം നോക്കി പുഞ്ചിരിച്ചു. ഗ്ലാസ് തിരിച്ചുകൊടുത്ത ശേഷവും ഭഗവത് മന്‍ മോദിക്കെതികെ മുദ്രാവാക്യം വിളിക്കുന്നത് തുടര്‍ന്നു. പ്രതിഷേധം കൂടിയതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഭഗവത് മനിനെ ശാസിക്കുകയും ചെയ്തു. തനിക്കെതിരെ മുദ്രാവാക്യം വിളിച്ച എം പിക്ക് കുടിവെള്ളം കൊടുത്ത മോദിയുടെ പ്രവൃത്തിയെ ഡസ്‌കില്‍ ഇടിച്ചാണ് ബി ജെ പി എം പിമാര്‍ സ്വാഗതം ചെയ്തത്.
പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി മറ്റ് പാര്‍ട്ടികളില്‍ പെട്ടവരിലും ചിരി പടര്‍ത്തി. കോണ്‍ഗ്രസ് എം പി മാര്‍ കാഴ്ച മറഞ്ഞു നിന്നതിനാല്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്താണ് സംഭവം എന്ന് ശരിക്കും കാണാന്‍ പറ്റിയില്ല. പിന്നീട് സംഭവം അറിഞ്ഞതും സോണിയാ ഗാന്ധി ചിരിക്കുന്നത് കാണാമായിരുന്നു. മോദിക്കൊപ്പം മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇത് കണ്ട് ചിരിച്ചുപോയി.












Click it and Unblock the Notifications