പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; സുപ്രീംകോടതി അന്വേഷിക്കും, നിലവിലുള്ള അന്വേഷണങ്ങള്‍ നിര്‍ത്താന്‍ നിര്‍ദേശം
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പഞ്ചാബില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നേരിട്ട് അന്വേഷണം നടത്താന്‍ സുപ്രീംകോടതി. ഇതിന്റെ ഭാഗമായി നിലവിലുള്ള എല്ലാ അന്വേഷണങ്ങളും നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു.
അന്വേഷണത്തിനായി നാലംഗ സമിതിയെ സുപ്രീം കോടതി രൂപീകരിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ചണ്ഡീഗഡ് ഡി ജി പി, എന്‍ ഐ എ ഐ ജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരടങ്ങുന്നതാണ് സമിതി.

തങ്ങള്‍ക്ക് കാര്യഗൗരവമില്ലെന്ന് കാണിക്കരുത് എന്നും സമിതി രൂപീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് വാദം കേട്ട കോടതി അന്വേഷണം തിങ്കളാഴ്ചത്തേക്ക് വരെ മരവിപ്പിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങള്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം കേസന്വേഷണത്തില്‍ പരസ്പരം പഴിചാരുന്ന സമീപനങ്ങളാണ് കേന്ദ്രവും പഞ്ചാബ് സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തി. അടിസ്ഥാന വസ്തുതകള്‍ പോലും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനുവരി 5 നാണ് പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫിറോസ്പുരില്‍ റോഡ് ഉപരോധത്തെത്തുടര്‍ന്ന് 20 മിനിറ്റോളം ഒരു മേല്‍പാലത്തില്‍ കുടുങ്ങിയത്. പിന്നീട് റാലി റദ്ദാക്കി മോദി ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു. അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പഞ്ചാബ് സര്‍ക്കാരും വെവ്വേറെ സമിതിയെ നിയമിച്ചിരുന്നു.
ഫിറോസ്പൂരിലെ വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലാണ് ആദ്യമെത്തിയിരുന്നത്. ഹെലികോപ്ടര്‍ യാത്രയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ ഉപേക്ഷിച്ച് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ഇതിനിടെയാണ് മേല്‍പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത്.
ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു ബി ജെ പി ആരോപണം. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പരിപാടിയില്‍ ആളില്ലാത്തതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും നാണക്കേട് മറയ്ക്കാനാണ് സുരക്ഷാ വീഴ്ചയെന്ന ആരോപണം ഉന്നയിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് പരിഹസിച്ചത്.












Click it and Unblock the Notifications