'ജനാധിപത്യം മരിച്ചു', ശിവസേനയുടെ പേരും ചിഹ്നവും കൈവിട്ടതിൽ രോഷാകുലനായി ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ. ഒരിക്കലും മാറാത്ത ചതിയനാണ് ഷിന്‍ഡെ എന്ന്് താക്കറെ തുറന്നടിച്ചു. ഏക്‌നാഥ് ഷിന്‍ഡ് 40 ശിവസേന എംഎല്‍എമാര്‍ക്കൊപ്പം ബിജെപി ക്യാമ്പിലേക്ക് പോയി 8 മാസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നിരിക്കുന്നത്.
കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് ഉദ്ധവ് താക്കറെ രൂപീകരിച്ച മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിട്ടായിരുന്നു ഷിന്‍ഡെയുടെ പോക്ക്. ഷിന്‍ഡെയുടെ പിന്തുണയോടെ ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഷിന്‍ഡെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി. തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടി ഇരുവിഭാഗങ്ങളും തമ്മിലുളള പോര് തുടങ്ങിയത്.
ശിവസേനയുടെ ചിഹ്നം അവര്‍ തട്ടിയെടുത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. പോരാട്ടം തുടരുക തന്നെ ചെയ്യും. ഇപ്പോള്‍ ഷിന്‍ഡെ ഈ തട്ടിപ്പറിച്ചെടുക്കലിന്റെ സന്തോഷം അനുഭവിക്കട്ടെ. ഒരിക്കല്‍ ചതിയനായ ആള്‍ എല്ലാക്കാലത്തും ചതിയന്‍ തന്നെ ആയിരിക്കും, ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തര്‍ക്കത്തില്‍ വിധി പറഞ്ഞത്. ഇതോടെ ശിവസേന എന്ന പേരും ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം.
ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന്റെ പേര് ശിവ് സേന ഉദ്ധവ് ബാലാസാഹിബ് താക്കറെ എന്നാണ്. ടോര്‍ച്ച് ലൈറ്റാണ് ഇവരുടെ തിരഞ്ഞെടുപ്പ് ചിഹ്നം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ജനാധിപത്യത്തിന് തന്നെ വിനാശകരമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ജനാധിപത്യം മരിച്ചുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും പ്രഖ്യാപിക്കണം. യഥാര്‍ത്ഥ അമ്പും വില്ലും തങ്ങളുടെ പക്കലാണ് ഉളളത്. അവര്‍ക്ക് കടലാസില്‍ മാത്രമാണ് അതുളളത് എന്നും ഉദ്ധവ് താക്കറെ മുംബൈയിലെ വസതിയായ മധോശ്രീയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.












Click it and Unblock the Notifications