ലങ്ക സന്ദര്‍ശനംഇല്ല; ഡിഎംകെക്ക് ആശ്വാസം
ദില്ലി: കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനമായ 'ചോഗ'ത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പോകാത്തതില്‍ ഏറ്റവും ആശ്വാസം ഇപ്പോള്‍ ഡിഎംകെക്കാണ്. ഡിഎംകെയുടെ എല്ലാമെല്ലാം ആയ മുത്തുവേല്‍ കരുണാനിധി ഈ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രധാന മന്ത്രിക്ക് മനസ്സാക്ഷിയുണ്ട്. ആ മനസ്സാക്ഷിക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഞങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടൊന്നുമില്ല. യുപിഎക്കുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിച്ചിട്ട് കാലമേറെയായല്ലോ- കരുണാനിധി പറഞ്ഞു.

ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഒരു പാരിപാടിയുടെ ഭാഗമായിട്ട്‌പോലും ലങ്ക സന്ദര്‍ശിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് തമിഴ്‌നാട്ടിലെ മിക്ക രാഷ്ട്രീട് പാര്‍ട്ടികളും അഭിപ്രായപ്പെട്ടിരുന്നു. തമിഴ് പാര്‍ട്ടികള്‍ മാത്രമല്ല, തമിഴ് നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ വിഷയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
തമിഴ് പുലികള്‍ക്കെതിരെ ലങ്കന്‍ സൈന്യം നടത്തിയ യുദ്ധത്തില്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ എല്ലാ തരത്തിലും ഉള്ള മനുഷ്യാവകാശ ലംഘനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പക്ഷം. ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തണം എന്നതാണ് ഇവരുടെ ആവശ്യം.
പ്രധാനമന്ത്രിയുടെ ലങ്ക സന്ദര്‍ശനത്തിനെതിരെ കേന്ദ്ര മന്ത്രിമാരായ വി നാരായണ സ്വാമി, ജയന്തി നടരാജന്‍, ജികെ വാസന്‍ എന്നിവര്‍ പരസ്യമായിത്തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിദേശ കാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കണം എന്നതായിരുന്ന താത്പര്യം.
ഇപ്പോള്‍ ഡിഎംകെ യുപിഎയില്‍ അംഗമല്ല. പക്ഷേ അവര്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഡിഎംകെയെ പിണക്കേണ്ട എന്ന ചിന്തയാണ് പ്രധാനമന്ത്രിയുടെ ലങ്കാ സന്ദര്‍ശനം ഉപേക്ഷിക്കാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications