ബ്രിജ് ഭൂഷണിനെതിരെ പോക്സോ കേസ് നിലനിൽക്കില്ല?; പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി പിൻവലിച്ചെന്ന് റിപ്പോർട്ട്
ഡൽഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ആദ്യമൊഴി പ്രായപൂർത്തിയാകാത്ത പരാതിക്കാരി പിൻവലിച്ചതായി റിപ്പോർട്ട്. ഇന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നാകെ ഐപിസി 164 പ്രകാരം പുതിയ രഹസ്യമൊഴി നല്‍കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ ബ്രിജ് ഭൂഷണിനെതിരെ ഇനി പോക്സോ കേസ് നിലനിൽക്കുമോയെന്നത് വ്യക്തമല്ല. പെൺകുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണിനെതിരെ എന്തൊക്കെ കുറ്റങ്ങൾ ചുമത്താനാകുമെന്നത് സംബന്ധിച്ച കാര്യങ്ങൾ കോടതി പരിശോധിക്കും.
പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിതാവ് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങളായിരുന്നു ബ്രിജ് ഭൂഷണിനെതിരെ ഉന്നയിച്ചിരുന്നത്. ഫോട്ടോ എടുക്കാനെന്ന വ്യാജേന ചേർത്ത് നിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ഈ സംഭവത്തിന് ശേഷം പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

മാർച്ച് 10 ന് പെൺകുട്ടി ബ്രിജ് ഭൂഷണിനെതിരെ മജിസ്ട്രേറ്റിനും പോലീസിനും മുമ്പാകെ രണ്ട് മൊഴികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇപ്പോൾ പെൺകുട്ടി മൊഴി പിൻവലിച്ച സാഹചര്യത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും.
ബ്രിജ് ഭൂഷണിനെതിരായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് ഗുസ്തിതാരങ്ങളാണ് ലൈംഗികാരോപണം ഉന്നയിച്ചത്. പത്ത് പരാതികളിൽ രണ്ടെണ്ണത്തിൽ മാത്രമായിരുന്നു ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിനിടെ പരാതിയിൽ ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപ്പെടുത്താനായി ഡൽഹി പോലീസ് സംഘം ഇന്ന് ബ്രിജ് ഭൂഷണിന്റെ വസതിയിൽ എത്തിയത്. യുപിയുള്ള വീട്ടിലാണ് എത്തിയത്. പോലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല.
അതിനിടെ ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാൽ ഗുസ്തി താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയേക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. താരങ്ങൾ തിരിച്ച് ജോലിയിൽ പ്രവേശിച്ചതോടെയായിരുന്നു ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നുമാണ് താരങ്ങൾ വ്യക്തമാക്കിയത്.












Click it and Unblock the Notifications