പൂഞ്ച് ഭീകരാക്രമണം: ഭീകര വേട്ടയ്ക്ക് ഡ്രോണുകളും സ്നിഫര്‍ നായ്ക്കളും, 12 പേര്‍ കസ്റ്റഡിയില്‍
ശ്രീനഗര്‍: പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സൈനികര്‍ സഞ്ചരിച്ച ട്രെക്കിന് മൂന്ന് വശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തെന്നാണ് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്തവര്‍ ഏത് ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിയാന്‍ വിവിധ തലങ്ങളില്‍ സുരക്ഷാ സേന ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ ഒരു വര്‍ഷത്തിലേറെയായുള്ളവരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ്, പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിംഗ് എന്നിവരും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി രജൗരി ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് പേരും ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു.

അഞ്ചോളം ഭീകരരുടെ സാന്നിധ്യമുണ്ടെന്നും സൈനിക ട്രക്ക് മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പിന്നീട് ഒളിച്ചിരുന്ന ഭീകരര്‍ ഗ്രനേഡും ബോംബും ഉപയോഗിച്ച് സൈനിക വാഹനം അഗ്നിക്കിരയാക്കുകയായിരുന്നു. ദേശീയ പാതയില്‍ ഭീംബര്‍ ഗലിക്കും ജറന്‍ വാലി ഗലിക്കും ഇടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വാഹനഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഒരു വര്‍ഷത്തിലേറെയായി പൂഞ്ചിലും രജൗരിയിലും ഉള്ളവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ നാല് ഭീകരസംഘടനകളുടെ സാന്നിധ്യമാണ് പൂഞ്ചിലും രജൗരിയിലുമുള്ളത്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രോക്സി വിഭാഗമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌ക്കര്‍-ഇ-തൊയ്ബ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
ഭീകരരെ കണ്ടെത്തുന്നതിനായി ഡ്രോണുകളും സ്നിഫര്‍ നായ്ക്കളെയും ഉപയോഗിക്കുന്നുണ്ടെന്നും സൈന്യം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്.
ഹവില്‍ദാര്‍ മന്‍ദീപ് സിംഗ്, ലാന്‍സ് നായിക് കുല്‍വന്ത് സിംഗ്, ശിപായി ഹര്‍കൃഷന്‍ സിംഗ്, ശിപായി സേവക് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ രജൗരിയിലും പൂഞ്ചിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .












Click it and Unblock the Notifications