70 തവണയെങ്കിലും പ്രശാന്ത് എന്നെ കണ്ടിട്ടുണ്ടാവും, കോണ്‍ഗ്രസിലെത്തിയതിനെ കുറിച്ച് സിദ്ദു
ദില്ലി: താന്‍ കോണ്‍ഗ്രസിലെത്താന്‍ കാരണം പ്രശാന്ത് കിഷോറാണെന്ന് നവജ്യോത് സിംഗ് സിദ്ദു. പ്രശാന്ത് തന്നെ എഴുപത് തവണയെങ്കിലും വന്ന് കണ്ടിട്ടുണ്ടാവും. അദ്ദേഹമാണ് തന്നോട് കോണ്‍ഗ്രസില്‍ ചേരാന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ അവസ്ഥ മോശമാണെന്ന് പ്രശാന്ത് പറഞ്ഞു. കോണ്‍ഗ്രസ് വിജയിക്കുന്ന കാര്യത്തില്‍ പ്രശാന്തിന് സംശയമുണ്ടായിരുന്നു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അത് നേട്ടമായി മാറുമെന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞതെന്നും സിദ്ദു പറയുന്നു. കോണ്‍ഗ്രസിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുപ്പത് മുതല്‍ മുപ്പത്തഞ്ച് സീറ്റ് വരെ മാത്രമേ കിട്ടാന്‍ സാധ്യതയുള്ളൂ. സിദ്ദു കോണ്‍ഗ്രസിലെത്തിയാല്‍ അതില്‍ എട്ട് ശതമാനത്തോളം വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞുവെന്നും സിദ്ദു വ്യക്തമാക്കി.

അതേസമയം താന്‍ കോണ്‍ഗ്രസില്‍ ഏതെങ്കിലും പദവിക്ക് വേണ്ടി ചേര്‍ന്നതല്ലെന്ന് സിദ്ദു പറയുന്നു. തനിക്ക് കിട്ടിയ പദവി പോലും വേണ്ടെന്ന് വെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം നിയമസഭയില്‍ അറുപത് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ആരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടും കാര്യമില്ലെന്ന് സിദ്ദു പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇത് സിദ്ദുവിനെ മറികടന്നായിരുന്നു. ഇതിനെയാണ് പരോക്ഷമായി സിദ്ദു തള്ളിയത്. സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുണ്ടെങ്കിലും ദളിത് ഫോര്‍മുലയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കും. രാഷ്ട്രീയത്തില്‍ ഒന്നും ഉറപ്പില്ലാത്ത കാര്യമാണെന്നും സിദ്ദു പറയുന്നു. 2017ലെ കാര്യം തന്നെയെടുക്കാം. പല സര്‍വേകളും പറഞ്ഞത് എഎപിക്ക് 110 സീറ്റ് വരെ കിട്ടുമെന്നായിരുന്നു. അത്തരത്തിലായിരുന്നു ഹൈപ്പ്. എന്നിട്ടെന്ത് സംഭവിച്ചു. സര്‍ക്കാരുണ്ടാക്കിയത് ഞങ്ങളാണ്. ആര് ജയിക്കണമെന്നും സര്‍ക്കാരുണ്ടാക്കണമെന്നും പഞ്ചാബിലെ ജനങ്ങളാണ് തീരുമാനിക്കുക. കോണ്‍ഗ്രസിന് 60 എംഎല്‍എമാരുണ്ടെങ്കില്‍ ഞങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഞങ്ങള്‍ ഭൂരിപക്ഷമില്ലെങ്കില്‍ കാര്യങ്ങള്‍ മാറും. മറ്റാരെങ്കിലും സര്‍ക്കാരുണ്ടാക്കാം. അതല്ലെങ്കില്‍ തൂക്കുസഭയാകാം. എല്ലാം ദൈവത്തിന്റെ കൈകളിലാണെന്നും സിദ്ദു വ്യക്തമാക്കി.
സഖ്യമുണ്ടാക്കി ഭരിക്കാനാവുമോ എന്ന് പറയാനാവില്ല. പഞ്ചാബിലെ ജനങ്ങളെ ഞങ്ങളുടെ അജണ്ടയിലൂടെ കാര്യങ്ങല്‍ പറഞ്ഞ് മനസ്സിലാക്കി പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവിതം മാറ്റാന്‍ എനിക്ക് ഒരു പദവിയുടെ ആവശ്യമില്ല. മഹാത്മാ ഗാന്ധിക്കോ വിനോബാ ഭവെയ്‌ക്കോ എന്തെങ്കിലും പദവികളുണ്ടായിരുന്നുവോ? എല്ലാവരും രാജ്യത്തിന് വേണ്ടിയാണ് പോരാടിയത്. സ്ഥിരമായി പേരും പ്രശസ്തിയും ഉണ്ടാവില്ലെന്നും സിദ്ദു വ്യക്തമാക്കി. താന്‍ പ്രിയങ്കയ്ക്കും രാഹുലിനും വാക്കുകൊടുത്തതാണ്. അവരുടെ തീരുമാനത്തിനൊപ്പമുണ്ടാകുമെന്നും സിദ്ദു പറഞ്ഞു.












Click it and Unblock the Notifications