ഗര്‍ഭിണിയായ നഴ്‌സിനെ അപമാനിച്ച ശിരോമണി അകാലിദള്‍ നേതാവും മകനും അറസ്റ്റില്‍
ചണ്ഡീഗഡ്: ഗര്‍ഭിണിയായ നഴ്‌സിനെ അപമാനിച്ച സംഭവത്തില്‍ ശിരോമണി അകാലിദള്‍ നേതാവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പരംജീത്ത് സിങ്ങും മകന്‍ ഗുര്‍ജീത്ത് സിങ്ങുമാണ് അറസ്റ്റിലായത്. ഇരുവരും ആശുപത്രിയില്‍വെച്ച് നഴ്‌സിനെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി വൈറലായി മാറിയിരുന്നു.
പഞ്ചാബിലെ മോഗ ജില്ലയിലെ ഭഗപുരാന ബസ് സ്റ്റാന്റില്‍ വെച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഭഗപുരാന പോലീസ് എസ് പി ജസ്പാല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ശനിയാഴ്ച ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ച പോലീസ് ഉടന്‍ ബസ്റ്റാന്റില്‍ വെച്ച് നേതാവിനെയും മകനെയും പിടികൂടി.

ഒരു ഗ്രാമവാസിയുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍വെച്ചുണ്ടായ കൈയ്യാങ്കളിയാണ് ഇരുവരുടെയും അറസ്റ്റില്‍ കലാശിച്ചത്. ഡിസ്ചാര്‍ജിനായി അല്‍പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ട നഴ്‌സിനോട് ഇവര്‍ കയര്‍ക്കുകയായിരുന്നു. ഞാനാരാണെന്ന് അറിയില്ല അകാലിദള്‍ നേതാവാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗുര്‍ജീത്ത് തള്ളുകയും ഇരുവരും മര്‍ദ്ദിക്കുകയും ചെയ്തതിനാല്‍ തനിക്ക് പരിക്കുപറ്റിയെന്നും നഴ്‌സ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുക്കാനായ വേളയിലുണ്ടായ സംഭവത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംഭവം ഏറ്റെടുത്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി നഴ്‌സിന്റെ വീടു സന്ദര്‍ശിക്കുകയും ശിരോമണി അകാലിദള്‍ നേതാക്കളെ വിമര്‍ശിക്കുകയും ചെയ്തു.












Click it and Unblock the Notifications