രാഷ്ട്രപതിക്കും ഇളവില്ല; അനുമതിക്ക് അയയ്ക്കുന്ന ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ റഫര്‍ ചെയ്യുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഇതാദ്യമായാണ് രാഷ്ട്രപതിയുടെ അധികാര പരിധി സംബന്ധിച്ച വിഷയങ്ങളില്‍ സുപ്രീം കോടതി ഉത്തരവ് വരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തീര്‍പ്പുകല്‍പ്പിക്കാത്ത ബില്ലുകള്‍ക്ക് അനുമതി നല്‍കാതിരിക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഈ വിധിയില്‍ തന്നെയാണ് രാഷ്ട്രപതി ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ചും സുപ്രീം കോടതി പരാമര്‍ശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവ് പരസ്യമാക്കിയത്. തമിഴ്‌നാട് കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍, ആര്‍ട്ടിക്കിള്‍ 201 പ്രകാരമുള്ള രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 201 അനുസരിച്ച് ഒരു ബില്‍ ഗവര്‍ണര്‍ മാറ്റിവയ്ക്കുമ്പോള്‍ രാഷ്ട്രപതി ബില്ലിന് സമ്മതം നല്‍കുകയോ അല്ലെങ്കില്‍ അതിനുള്ള സമ്മതം തടയുകയോ ചെയ്യുമെന്ന് പ്രഖ്യാപിക്കും. എന്നിരുന്നാലും, ഭരണഘടനയില്‍ ഒരു സമയപരിധിയും നല്‍കിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതിക്ക് 'പോക്കറ്റ് വീറ്റോ' ഇല്ലെന്നും ബില്ല് അംഗീകരിക്കുകയോ തടയുകയോ ചെയ്യണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
'ഒരു നിയമത്തിന് കീഴിലുള്ള ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കില്‍ പോലും അത് ന്യായമായ സമയത്തിനുള്ളില്‍ പ്രയോഗിക്കണം എന്നാണ് നിയമത്തിന്റെ അന്തസത്ത. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നത് ഈ പൊതു നിയമ തത്വത്തിന് വിരുദ്ധമാണെന്ന് പറയാനാവില്ല,' സുപ്രീം കോടതി പറഞ്ഞു.
ബില്ലിന്‍മേല്‍ നടപടിയെടുക്കുന്നതില്‍ മൂന്ന് മാസത്തിനപ്പുറം കാലതാമസം ഉണ്ടായാല്‍ ഉചിതമായ കാരണങ്ങള്‍ രേഖപ്പെടുത്തി ബന്ധപ്പെട്ട സംസ്ഥാനത്തെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 'ഗവര്‍ണറുടെ പരിഗണനയ്ക്കായി മാറ്റിവച്ചിരിക്കുന്ന ബില്ലുകളില്‍, റഫറന്‍സ് ലഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ രാഷ്ട്രപതി തീരുമാനമെടുക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു,' സുപ്രീം കോടതി പറഞ്ഞു.
സമയപരിധിക്കുള്ളില്‍ നടപടിയുണ്ടായിട്ടില്ല എങ്കില്‍ പരാതിയുള്ള സംസ്ഥാനങ്ങള്‍ക്ക് കോടതികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കാരണം ഒരു ബില്‍ മാറ്റിവച്ചാല്‍, എക്‌സിക്യൂട്ടീവ് കോടതികളുടെ പങ്ക് ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 143 പ്രകാരം അത്തരം ചോദ്യങ്ങള്‍ സുപ്രീം കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
'ഒരു ബില്ലില്‍ പൂര്‍ണ്ണമായും നിയമപരമായ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എക്‌സിക്യൂട്ടീവിന്റെ കൈകള്‍ ബന്ധിതമാണെന്നും ഒരു ബില്ലിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് പഠിക്കാനും ശുപാര്‍ശകള്‍ നല്‍കാനും ഭരണഘടനാ കോടതികള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്നും പ്രസ്താവിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല,' സുപ്രീം കോടതി കര്‍ശനമായി പറഞ്ഞു.












Click it and Unblock the Notifications