ബുദ്ധ പൗര്‍ണമി ദിനം: കൊവിഡ് പോരാളികൾക്കും മരണപ്പെട്ടവർക്കും ആദരവ് അർപ്പിക്കാൻ പ്രധാനമന്ത്രി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കൊവിഡ് പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി ആദരവ് അര്‍പ്പിക്കും. ബുദ്ധ പൗര്‍ണമി ദിനത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയമാണ് ബുദ്ധ പൗര്‍ണമി ആഘോഷം സംഘടിപ്പിക്കുന്നത്.
ലോകത്തെമ്പാടുമുളള ബുദ്ധ സന്ന്യാസിമാരെ പങ്കെടുപ്പിച്ച് കൊണ്ടുളള വിര്‍ച്യല്‍ പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയും പങ്കെടുക്കുന്നത്. അതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 1694 പേരാണ് എന്നാണ് കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 126 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 2958 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് പശ്ചിമ ബംഗാളിലാണ്. ഈ സാഹചര്യത്തില്‍ മമത സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 49,391 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 14,182 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി.
അതിനിടെ സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേരുടേയും (ഒരാള്‍ ഇടുക്കി സ്വദേശി) പത്തനംതിട്ടയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 469 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 30 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,670 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 14,402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 58 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 34,599 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,063 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2147 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. സംസ്ഥാനത്ത് ആകെ 89 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.