അഗ്നിപഥ് സൈന്യത്തെ നശിപ്പിക്കും; സമരം നിര്‍ത്തരുതെന്ന് യുവാക്കളോട് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അഗ്നിപഥ് പദ്ധതി സൈന്യത്തെ നശിപ്പിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജന്തര്‍ മന്ദറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കുന്നത് വരെ സമാധാനപരമായ സമരം തുടരണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

രാജ്യത്തെ യുവാക്കളെ കൊല്ലുന്ന പദ്ധതിയാണ് അഗ്നിപഥ്. നമ്മുടെ സൈന്യത്തെ ഇത് നശിപ്പിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉദ്ദേശം മനസിലാക്കണം. നിരന്തരമായ സമരത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കണം. സമരം സംഘര്‍ഷത്തിലേക്ക് വഴിമാറരുത്. രാജ്യത്തിന്റെ സ്പന്ദനം അറിയുന്ന സര്‍ക്കാരിനെ കൊണ്ടുവരുക എന്നതാകണം ലക്ഷ്യം. രാജ്യത്തിന്റെ മൂല്യവത്തായ ആസ്തികള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാകണം സമരം. സമാധാനപരമായി സമരം തുടരണം. സമരം നിര്‍ത്തി പിന്മാറരുത്. ഇത് നിങ്ങളുടെ അവകാശമാണ്. ഈ രാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിങ്ങളോടൊപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സത്യഗ്രഹത്തില്‍ കോണ്‍ഗ്രസ് നേതാക്കളും എംപിമാരും പങ്കെടുത്തു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജയറാം രമേശ്, രാജീവ് ശുക്ല, സച്ചിന്‍ പൈലറ്റ്, സല്‍മാന്‍ ഖുര്‍ഷിദ്, അല്‍ക്ക ലാംബ തുടങ്ങി മുന്‍നിര നേതാക്കളും സമരത്തില്‍ ഭാഗമായി. സത്യഗ്രഹ സമരം നടക്കുന്ന സ്ഥലത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ വഴികളും അര്‍ധസേനാ വിഭാഗം അടച്ചിരുന്നു.
അഗ്നിപഥിനെതിരെ പത്തോളം സംസ്ഥാനങ്ങളില്‍ സമരം ശക്തമാണ്. പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴി മാറിയിട്ടുണ്ട്. തീവണ്ടികളും ബസുകളും സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്‌റ്റേഷനുകളും കത്തിച്ചു. സമരക്കാരെ ശാന്തരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിക്കുകയും അഗ്നിവീര്‍ സേവനം കഴിയുന്നവര്‍ക്ക് മറ്റു സേനാ വിഭാഗത്തില്‍ സംവരണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വീസ് കാലത്ത് മരണം സംഭവിച്ചാല്‍ ഒരു കോടി രൂപ അനുവദിക്കും.
റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് മൂന്ന് സൈനിക വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം സമരം വ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications