പ്രിയങ്ക യുപി വിടുന്നു: ഇനി ലക്ഷ്യം ആ രണ്ട് സംസ്ഥാനങ്ങള്‍, അധികാരം പിടിക്കണം, നിറസാന്നിധ്യമാവും
ഡല്‍ഹി: ഹിമാചല്‍ പ്രദേശിലേയും, കർണാടകയിലേയും തുടർ വിജയങ്ങള്‍ക്ക് പിന്നാലെ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ഒരുക്കങ്ങളുടെ ആദ്യ പടിയെന്നോണം യുപിയിലെ പാർട്ടി ചുമതലയില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മാറ്റും. പ്രിയങ്കയെ ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
കർണാടകയിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക ഗാന്ധി. സമാനമായ മാതൃകയില്‍ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് മധ്യപ്രദേശിലും തെലങ്കാനയിലുമായിരിക്കും പ്രിയങ്ക കൂടുതല്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുക.

തെലങ്കാനയില്‍ ഇതിനോടകം തന്നെ പ്രിയങ്ക ഗാന്ധിയുടെ ഒരു വലിയ റാലി നടന്ന് കഴിഞ്ഞു. ജൂണ്‍ 12 ന് മധ്യപ്രദേശിലും എഐസിസി ജനറല്‍ സെക്രട്ടറി നയിക്കുന്ന വമ്പന്‍ റാലി പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകൾക്ക് 1,500 രൂപ ഓരോ മാസവും വിതരണം ചെയ്യുമെന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും പ്രിയങ്ക ഗാന്ധി ഗാന്ധി റാലിയില്‍ നടത്തിയേക്കും. ഛത്തീസ്ഗഡിലും അവർ വ്യാപകമായി പ്രചാരണം നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു.
കഴിഞ്ഞ വർഷം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സ്ത്രീകളെ കേന്ദ്രീകരിച്ച് പാർട്ടിയുടെ പ്രചാരണത്തിൽ പ്രിയങ്ക ആവിഷ്കരിച്ച് നടപ്പിലാക്കിയ വനിതാ പ്രകടന പത്രിക കർണാടക തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. സ്ത്രീകൾക്ക് മാസം നിശ്ചിത തുക വരുമാനം, സൗജന്യ സിലിണ്ടറുകൾ, സൗജന്യ പൊതുഗതാഗതം എന്നിവയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രധാന വാഗ്ദാനങ്ങള്‍.
കർണാടകയിൽ 224ൽ 135 സീറ്റുകൾ നേടിയുള്ള പാർട്ടിയുടെ വന്‍ വിജയത്തില്‍ പ്രിയങ്കയുടെ വനിതാ പ്രകടന പത്രികയും വലിയ സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും വനിതാ പ്രകടന പത്രിക കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഭാഗമായിരിക്കും.
"യുപിക്ക് ശേഷം സ്ത്രീ വോട്ടർമാരിൽ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധവെക്കുന്നുണ്ട്. കാരണം വിലക്കയറ്റത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക അവർക്കാണ്. പ്രിയങ്കാജി മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പ്രധാന കാര്യം വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ്. സ്വന്തം പാർട്ടി നേതാക്കൾ തന്നെ ഈ ആശയം പൂർണ്ണമായും അംഗീകരിച്ചില്ലെങ്കിലും ഇതിനായി അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു" - പ്രിയങ്ക ഗാന്ധിയോട് അടുത്ത് നില്‍ക്കുന്ന ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
40 സീറ്റുകൾ നേടിയ ഹിമാചൽ പ്രദേശിൽ പാർട്ടിയുടെ പ്രചാരണത്തിന് ഏറ്റവും വലിയ മുന്നേറ്റം പ്രിയങ്ക ഗാന്ധി നൽകിയെന്നാണ് പാർട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ബിജെപിയെ 44ൽ നിന്ന് 25 സീറ്റുകളിലേക്ക് കൊണ്ടു വരുന്നുതില്‍ പ്രിയങ്ക ഗാന്ധിയുടെ വനിതാ പ്രകടന പത്രിക കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കർണാടകയിലും കാര്യം വ്യത്യസ്തമായിരുന്നില്ലെന്നും നേതാക്കള്‍ പറയുന്നു.
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. അതിനാല്‍ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം വഹിക്കുന്നതിനും നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന് പ്രധാനമാണ്.












Click it and Unblock the Notifications