കശ്മീര്‍ അശാന്തമാകുന്നു; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്, നിലപാട് വ്യക്തമാക്കണം
ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവിയും അംഗീകാരവും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം പുകയുന്നു. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് ്അബ്ദുല്ല മുന്നറിയിപ്പ് നല്‍കി.

വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം. ആര്‍ട്ടിക്കിള്‍ 35 ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
കശ്മീരിനും കശ്മീരികള്‍ക്കും പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കശ്മീരില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് സ്വത്തുക്കള്‍ വാങ്ങുന്നതിനുള്‍പ്പെടെയുള്ള തടസം ഭരണഘടനയുടെ ഈ അനുച്ഛേദമാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചില സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
1954ലെ പ്രസിഡന്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ചേര്‍ത്തത്. കശ്മീരുകാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിളാണിത്. കശ്മീരില്‍ സ്വത്തുക്കള്‍ വാങ്ങുന്നതിന് ഇതരസംസ്ഥാനക്കാരെ ഈ ആര്‍ട്ടിക്കിള്‍ വിലക്കുന്നുണ്ട്. മാത്രമല്ല, കശ്മീരിലെ സ്ത്രീകളെ ഇതരസംസ്ഥാനക്കാര്‍ക്ക് വിവാഹം ചെയ്യാനും ഈ ആര്‍ട്ടിക്കിള്‍ തടസമാണ്.
ഭൂ ഉടമസ്ഥത, തൊഴില്‍, വിവാഹം എന്നീ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആര്‍എസ്എസ് ബന്ധമുള്ള വി ദ സിറ്റിസണ്‍സ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ വകുപ്പില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications