ജവാന്റെ ചിതയ്ക്ക് തീ കൊളുത്തവേ ബോധം കെട്ട് വീണ് കുഞ്ഞുമകൾ, താങ്ങായി സൈനികൻ, വീഡിയോ
കൺപൂർ: കണ്ണീരില്‍ കുതിര്‍ന്ന് ഒരു രാജ്യം, 40 ജീവനുകള്‍.. 40 വീടുകള്‍. പുല്‍വാമയില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന ഓരോ ജവാന്റെയും കുടുംബങ്ങള്‍ രാജ്യത്തിന് തീരാവേദനയായി മാറിയിരിക്കുകയാണ്. കുഞ്ഞ് പിറക്കാന്‍ കാത്തിരുന്നവരും പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലുമാകാത്തവരുമടക്കമുളള മനുഷ്യരായിരുന്നു അവര്‍. ഈ കുടുംബങ്ങളിലെ കണ്ണീരുണങ്ങാത്ത ഓരോ മുഖവും ഇന്ത്യയുടെ നെഞ്ചിലെ നീറ്റലായി മാറുന്നു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു സൈനികന്റെ മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുകയാണ്. സിആര്‍പിഎഫ് ജവാനായ പ്രദീപ് സിംഗ് യാദവിന്റെ മൃതദേഹം നാടായ കാണ്‍പൂരില്‍ എത്തിച്ചപ്പോഴാണ് ഹൃദയം പിളര്‍ക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

പ്രദീപ് സിംഗ് യാദവിന്റെ മൃതദേഹം വീടിലേക്ക് എത്തിച്ചതോടെ മുറവിളികള്‍ ഉച്ചത്തില്‍ ഉയര്‍ന്നു. നിലവിളികള്‍ക്ക് മേലെ ഭാരത് മാതാ കീ ജയ് വിളികളുമായി ധീര ജവാന് നാട് ആദരം അര്‍പ്പിച്ചു. പ്രദീപ് സിംഗ് യാദവിന്റെ പത്ത് വയസ്സുകാരിയായ മകള്‍ സുപ്രിയ കരഞ്ഞ് തളര്‍ന്നിരുന്നു അപ്പോഴേക്കും. പപ്പ എങ്ങോട്ടാണ് പോകുന്നതെന്നും ഇനി തിരിച്ച് വരില്ലേ എന്നും അവള്‍ ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരുന്നു. ആര്‍ക്കും മറുപടി ഇല്ലായിരുന്നു ആ ചോദ്യത്തിന്.
ഔദ്യോഗിക ബഹുമതികള്‍ക്കും ആചാരപ്രകാരമുളള ചടങ്ങുകള്‍ക്കും ശേഷം മൃതദേഹം സംസ്‌ക്കരിക്കാനുളള ചടങ്ങുകളിലേക്ക് കടന്നു. സുപ്രിയയാണ് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്താന്‍ എത്തിയത്. ഏറെ പ്രിയപ്പെട്ട പപ്പയുടെ ചിതയ്ക്ക് തീ വെയ്ക്കുമ്പോഴും അവള്‍ കരയുകയായിരുന്നു. ഈ ചെറിയ പ്രായത്തില്‍ താങ്ങേണ്ടി വരുന്നതിനേക്കാള്‍ വലിയ ദുഖം താങ്ങാന്‍ കെല്‍പ്പില്ലാതെ ആ പെണ്‍കുട്ടി ബോധരഹിതയായി വീണു. തൊട്ടടുത്ത് നിന്ന സൈനികന്‍ ആ മകളെ താങ്ങി. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഈ ദൃശ്യം സോഷ്യല്‍ മീഡിയയെ വേദനിപ്പിച്ച് കൊണ്ട് വൈറലാവുകയാണ്.












Click it and Unblock the Notifications