പഞ്ചാബില്‍ എഎപി പിടിമുറുക്കുന്നു: ആശങ്ക വ്യക്തമാക്കി കോണ്‍ഗ്രസ് ആഭ്യന്തര സർവ്വെ റിപ്പോർട്ട്
മാള്‍വ: പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഭരണകക്ഷിയായ കോൺഗ്രസിന് കടുത്ത പോരാട്ടമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടി എംപിയായ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എ എ പി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെടുന്നത് ഇത്തവണ എന്ത് വിലകൊടുത്തും പഞ്ചാബ് പിടിച്ചെടുക്കുമെന്നാണ്. കേവലം അവകാശവാദങ്ങള്‍ക്ക് അപ്പുറം പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം മുന്നേറാന്‍ ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.
ഇതുവരെ പുറത്ത് വന്ന സർവ്വേകളും അത് വ്യക്തമാക്കുന്നു. പഞ്ചാബില്‍ ആം ആദ്മി പാർട്ടിക്ക് മുന്‍തൂക്കമുള്ള തൂക്ക് സഭയായിരിക്കും വരികയെന്നാണ് സർവ്വേകളുടെ അവകാശവാദം. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ ആഭ്യന്തര സർവ്വേ റിപ്പോർട്ട് തന്നെയും ഇത്തരമൊരു സൂചനയാണ് മുന്നോട്ട് വെക്കുന്നത്.

മാള്‍വ ഉള്‍പ്പടേയുള്ള മേഖലകളില്‍ ആം ആദ്മി പാർട്ടി അതിശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര സർവ്വേ വ്യക്തമാക്കുന്നത്. അമരീന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ പാർട്ടി ജനപിന്തുണ നേടിയെന്നും എന്നാൽ ഭഗവന്ത് മാൻ ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണെന്നുമാണ് വിലയിരുത്തല്‍.
ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

നിലവില്‍ തന്നെ എ എ പിയുടെ ശക്തികേന്ദ്രമാണ് മാള്‍വ. ഇവിടം നിന്നുള്ള സീറ്റുകള്‍ എഎപി തൂത്തുവാരിയാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ശ്രമങ്ങളെ അത് സാരമായ രീതിയില്‍ തന്നെ ബാധിക്കും. ഇതേ മേഖലയിൽ ഉൾപ്പെടുന്ന സംഗ്രൂരിൽ നിന്നുള്ള എംപിയാണ് മാൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാൾവയിൽ നിന്ന് 20ൽ 18 സീറ്റും എഎപി നേടിയിരുന്നു.

117 നിയമസഭാ സീറ്റുകളിൽ 69 എണ്ണമാണ് മാള്‍വ മേഖല എന്ന് പറയുന്ന വിശാല പ്രദേശത്ത് നിന്നും വരുന്നത്. എഎപി മാനെ ധുരി സീറ്റിൽ നിന്ന് മത്സരിപ്പിക്കുകയും നേരർക്കുനേർ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചന്നിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. നേതൃത്വന് താല്‍പര്യമില്ലെങ്കിലും കോണ്‍ഗ്രസില്‍ ഒരു വിഭാഗം മുഖ്യമന്ത്രി ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് സൂചന.

ചന്നിയും സംസ്ഥാന പാർട്ടി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൂടുതല്‍ ശക്തമാവുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും ഇത് പ്രചാരണത്തിൽ ഉപയോഗിക്കാൻ തുടങ്ങിയതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലും വിജയിച്ചു.

അമരീന്ദർ സിങ് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയിലെ ഗ്രൂപ്പിസത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേർന്നാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ അടർത്തിയെടുത്തുള്ള അമരീന്ദർ സിങ്ങിന്റെ നീക്കവും കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു.












Click it and Unblock the Notifications