ചന്നിയ്ക്ക് ഉറക്കമില്ലാതായി; സദ്ഭരണം വേണ്ടാത്തവരാണ് എഎപിയെ എതിര്‍ക്കുന്നത്: കെജ്രിവാള്‍
അമൃത്സര്‍: സംസ്ഥാനത്ത് സത്യസന്ധമായ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് തന്നെയും ആം ആദ്മി പാര്‍ട്ടിയേയും അതിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിനെയും ലക്ഷ്യമിടുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആളുകള്‍ക്ക് ജോലി നല്‍കുന്നതിനെക്കുറിച്ചും ബലാത്സംഗ കേസുകളില്‍ നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു എന്നതാണ് തന്റെ പാര്‍ട്ടിയുടെയും നേതാക്കളുടെയും ഒരേയൊരു തെറ്റെന്നും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ പറഞ്ഞു. ചരണ്‍ജിത് സിംഗ് ചന്നി ഈ ദിവസങ്ങളില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും കെജ്രിവാള്‍ പരിഹസിച്ചു.
സംസ്ഥാനത്തിലേക്കുള്ള മയക്കുമരുന്ന് വരവിന് കാരണം അഴിമതിയാണെന്നും തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത്സറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാ പാര്‍ട്ടികളും അവരുടെ നേതാക്കളും എന്നെയും ഭഗവന്ത് മന്നിനെയും അധിക്ഷേപിക്കുന്നത് മാത്രമാണ് നിങ്ങള്‍ കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിലേക്ക് വന്നിരുന്നു, അദ്ദേഹം എന്നെയും ആം ആദ്മിയേയും അധിക്ഷേപിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ ചന്നി എന്നെയും മന്നിനെയും അധിക്ഷേപിക്കുന്നു. പക്ഷെ ശിരോമണി അകാലദള്‍ മേധാവി സുഖ്ബീര്‍ സിംഗ് ബാദലിന്റെ പേര് പറയുന്നേയില്ല,' കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കാ ഗാന്ധിയും ഞായറാഴ്ച പഞ്ചാബില്‍ ഉണ്ടായിരുന്നു. അവരും എന്നെ അധിക്ഷേപിച്ചു. അവരെല്ലാം ഒത്തുചേര്‍ന്ന് ഞങ്ങളെ ലക്ഷ്യമിടുന്നതായി തോന്നുന്നു,' അദ്ദേഹം പറഞ്ഞു. ഈ പാര്‍ട്ടികള്‍ക്കെല്ലാം ആം ആദ്മിയെ അല്ല പഞ്ചാബിനെ ആണ് തോല്‍പ്പിക്കേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി അധികാരത്തില്‍ വരാന്‍ ഈ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 70 വര്‍ഷമായി അവര്‍ പഞ്ചാബ് കൊള്ളയടിച്ച രീതി തുടരണമെന്നാണ് അവരുടെ ആഗ്രഹം. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ കൊള്ള എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നാണ് അവരുടെ ഭയം, അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ രക്ഷിക്കാന്‍ ഈ പാര്‍ട്ടികളെ പരാജയപ്പെടുത്തണമെന്നും അതിന് സഹായിക്കണമെന്നും അദ്ദേഹം പഞ്ചാബിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആം ആദ്മി സംസ്ഥാനത്തിന് സത്യസന്ധമായ ഭരണം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മയക്കുമരുന്നും ഡ്രോണുകളും സ്ഫോടക വസ്തുക്കളും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് തള്ളുന്ന സ്ഥിതിയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ മയക്കുമരുന്നിന്റെ ഒഴുക്ക് നിലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനേയും കെജ്രിവാള്‍ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സാധാരണക്കാര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പഞ്ചാബ് സുരക്ഷിതമാക്കാന്‍ കഴിയുമോ എന്ന ഒരു വലിയ ചോദ്യം ഉയര്‍ന്നുവരുന്നു. സാധാരണ പഞ്ചാബികള്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നു. നിരവധി ക്രൂരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ലുധിയാനയില്‍ ബോംബ് സ്‌ഫോടനം നടന്നു, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായി,' അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷാ വീഴ്ച സംഭവത്തില്‍ രാഷ്ട്രീയം വേണ്ടെന്നും ഇത് ഇരുവശത്തുനിന്നും (കോണ്‍ഗ്രസും ബിജെപിയും) നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ കാര്യങ്ങളില്‍ ആം ആദ്മി ഒരിക്കലും രാഷ്ട്രീയം കളിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ മദ്യവില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിച്ചുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. നേരത്തെ 850 മദ്യവില്‍പ്പനശാലകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 550-600 ആയി എന്നതാണ് വസ്തുത. എന്നാല്‍ ബി ജെ പി കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ അംഗീകൃത വെന്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് നിയമപരമായി അനുവദനീയമാണ്. എന്നാല്‍ നിരോധനമുള്ള ഗുജറാത്തില്‍ മദ്യം യഥേഷ്ടം ഒഴുകുന്നു. അതിനാല്‍, അനധികൃത വില്‍പ്പനയുടെ പണം ആര്‍ക്കാണ് ലഭിക്കുന്നത്,' അദ്ദേഹം ചോദിച്ചു. ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം.












Click it and Unblock the Notifications