കോണ്‍ഗ്രസ് വിടുന്നു, ബിജെപിയില്‍ ചേരുന്നു...റിപ്പീറ്റ്; ഒന്നരമാസത്തിനിടെ മൂന്ന് തവണ കൂറുമാറി എംഎല്‍എ
ലുധിയാന: ഒരു മാസം മുന്‍പ് ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി വീണ്ടും ബി ജെ പിയില്‍ തിരിച്ചെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം വീണ്ടും ബി ജെ പിയില്‍ ചേര്‍ന്നത്. ശ്രീ ഹര്‍ഗോവിന്ദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയാണ് ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തില്‍ അദ്ദേഹവും ഖാദിയന്‍ ഫത്തേഹ് ജങ് സിംഗ് ബജ്വ എം എല്‍ എയും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.
എന്നാല്‍ ആറ് ദിവസത്തിന് ശേഷം മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ഇടപെടലില്‍ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഇതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോഴാണ് ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി വീണ്ടും ബി ജെ പിയില്‍ ചേര്‍ന്നത്. ശ്രീ ഹര്‍ഗോവിന്ദ്പൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവിടെ പിന്നീട് മന്ത്രി ട്രിപ്ത് രജീന്ദര്‍ സിംഗ് ബജ്വയുടെ അടുത്ത അനുയായിയായ മന്‍ദീപ് സിംഗ് രംഗര്‍ നംഗലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. ഇതിന് ശേഷം പാര്‍ട്ടി സംവിധാനത്തില്‍ തനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതായി ലഡ്ഡി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ബി ജെ പി പ്രവേശനം. കോണ്‍ഗ്രസ് തങ്ങളുടെ നേതാക്കളെ വിലമതിക്കുന്നില്ല. അതുകൊണ്ട് തന്നെ ബി ജെ പിയിലേക്ക് മടങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിലൂടെ ഞാന്‍ തെറ്റ് ചെയ്തു, ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി പറഞ്ഞു. താന്‍ ബി ജെ പിയിലേക്ക് മടങ്ങണമെന്ന് ഫത്തേ ജംഗ് നിര്‍ബന്ധിച്ചുവെന്നും അേേദ്ദഹം പറഞ്ഞു. കോണ്‍ഗ്രസിന് എനിക്ക് ഒന്നും നല്‍കാനില്ലെന്നും എനിക്ക് തിരിച്ചും ഒന്നും നല്‍കാനില്ലെന്നും തോന്നുന്നു. അതുകൊണ്ട് ഞാന്‍ പിരിഞ്ഞു.

ബി ജെ പി ഒരു ദേശീയ പാര്‍ട്ടിയാണ്, അതിന്റെ പ്രത്യയശാസ്ത്രം എന്നെ ആകര്‍ഷിക്കുന്നു, ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി പറഞ്ഞു. വലിയ തയ്യാറെടുപ്പുകളോടെയാണ് ബി ജെ പി പഞ്ചാബില്‍ മത്സരിക്കുന്നത്. സെലിബ്രിറ്റികളെ ഒന്നൊന്നായി പാര്‍ട്ടിയിലെത്തിച്ചാണ് കളം പിടിക്കാന്‍ ബി ജെ പി ഒരുങ്ങുന്നത്. നടി മഹി ഗില്‍, ഹോബി ധലിവാള്‍, ക്രിക്കറ്റ് താരം ദിനേശ് മോംഗിയ എന്നിവരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി ജെ പിയ്ക്കായിരുന്നു. ബി ജെ പിക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്.

മോദി തരംഗം ആഞ്ഞടിച്ച കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്ക് ഇവിടെ നിന്ന് ആകെ ലഭിച്ച വോട്ടുകള്‍ വെറും 9.3 ശതമാനമായിരുന്നു. ശിരോമണി അകാലിദളിനൊപ്പമായിരുന്നു ബി ജെ പി പഞ്ചാബില്‍ ഇതുവരെ മത്സരിച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക സമരത്തെ ചൊല്ലി ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബി ജെ പി പ്രതിസന്ധിയിലായി. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗ് രാജിവെച്ചത്. കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും അമരീന്ദര്‍ രൂപീകരിച്ചു.
Recommended Video

ഇതോടെ അമരീന്ദറുമായി ബി ജെ പി സഖ്യം ചേര്‍ന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം അനുകൂലമാകുന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. നേരത്തേ 53 സീറ്റുകളിലായിരുന്നു സംസ്ഥാനത്ത് ബി ജെ പി മത്സരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 12 സീറ്റുകളില്‍ കൂടി ബി ജെ പി മത്സരിക്കുന്നുണ്ട്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications