പഞ്ചാബില്‍ എഎപി ആഘോഷം തുടങ്ങി; ലീഡ് കേവല ഭൂരിപക്ഷം കടന്നു
ഛാണ്ഡിഗഡ്: പഞ്ചാബില്‍ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞ് കാര്യങ്ങള്‍. ആദ്യം കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു എങ്കിലും ഇപ്പോള്‍ എഎപി വന്‍ മുന്നേറ്റം തുടരുകയാണ്. 60 സീറ്റിലാണ് എഎപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 11 സീറ്റിലും. 59 സീറ്റ് ലഭിക്കുന്ന പര്‍ട്ടിക്ക് ഭരണം നടത്താന്‍ സാധിക്കും. ഇതോടെ എഎപി കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങി. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ജില്ലയായ പാട്യാലയില്‍ എല്ലാ സീറ്റിലും എഎപി മുന്നേറ്റം പ്രകടമാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരഞ്ജിത്ത് ചന്നിയും നവജ്യോത് സിങ് സിദ്ദുവും ഇപ്പോള്‍ പിന്നിലാണ്.

ചരഞ്ജിത് ചന്നി രണ്ടു സീറ്റിലാണ് മല്‍സരിച്ചിരുന്നത്. രണ്ടു സീറ്റിലും അദ്ദേഹം പിന്നിലാണ്. സിദ്ദുവാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരുവേളയില്‍ സിദ്ദു മുന്നിലായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എഎപി ജയിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. 2017ല്‍ കോണ്‍ഗ്രസാണ് മികച്ച വിജയം നേടിയിരുന്നത്. എന്നാല്‍ ഗ്രൂപ്പ് പോര് തിരിച്ചടിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുകയും പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേരുകയും ചെയ്തു.
എഎപി 2017ലാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍ പല എഎപി എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേരുന്ന സാഹചര്യമുണ്ടായി. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. എഎപി വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഈ ഘട്ടത്തിലുള്ള വോട്ടെണ്ണലില്‍ നിന്ന് വ്യക്തമാകുന്നത്. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് എഎപി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications