വാജ്‌പേയ് അല്ല മോദി, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം; പ്രകാശ് സിംഗ് ബാദല്‍
അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ ഘടനയെ വെല്ലുവിളിക്കുകയാണെന്ന് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍. അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രവണത രാജ്യത്തെ ദുര്‍ബലമാക്കും. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരു മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അധികാരങ്ങളും ഇപ്പോള്‍ കേന്ദ്രത്തിന്റെ കൈകളിലേക്ക് പോയി. അതിനാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വാജ്പേയി ഒരു ഉത്തമ നേതാവായിരുന്നു. അദ്ദേഹം ആളുകള്‍ക്കിടയില്‍ വിവേചനം കാണിച്ചില്ല. എന്നാല്‍ മോദി രാജ്യത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിലാണ്.
ധ്രുവീകരണം ദോഷകരമാണ്. ഇത് ഒരു പുരോഗതിയും ഉണ്ടാക്കാന്‍ ആളുകളെ അനുവദിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങളോട് എന്തെങ്കിലും അഭ്യര്‍ത്ഥന നടത്തിയപ്പോഴെല്ലാം, അത് സര്‍ക്കാരിനെതിരായ ഒരു ചെറിയ പോരാട്ടമോ സമരമോ ആകട്ടെ, നിങ്ങള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. നിങ്ങളാണ് എന്റെ കുടുംബം, പ്രകാശ് സിംഗ് ബാദല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പോരാടാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും എന്നാല്‍ പാര്‍ട്ടി തന്നോട് അഭ്യര്‍ത്ഥിച്ചതിനാലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സാന്നിധ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നും ബാദല്‍ പറഞ്ഞു.

മറ്റ് പാര്‍ട്ടികളെക്കുറിച്ചും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനും 1984 ലെ കലാപത്തിനും കോണ്‍ഗ്രസ് ഉത്തരവാദിയായിരുന്നു. അത് നമ്മുടെ തലസ്ഥാനം (ചണ്ഡീഗഡ്) കൊള്ളയടിച്ചു. എ എ പിക്ക് സംസ്ഥാനം പിടിച്ചെടുക്കാന്‍ മാത്രമേ ആഗ്രഹമുള്ളൂ. പഞ്ചാബിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് ബാദല്‍ പറഞ്ഞു. പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം, അത് അടിയന്തരാവസ്ഥയോ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമോ ആകട്ടെ, ഞങ്ങള്‍ (ശിരോമണി അകാലിദള്‍) എല്ലായ്‌പ്പോഴും മുന്‍പന്തിയിലായിരുന്നു. ഞാന്‍ തന്നെ 15 വര്‍ഷം ജയിലില്‍ കിടന്നു.

ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പരിധികളില്ലാതെ വികസനം നടത്തി, ബാദല്‍ പറഞ്ഞു. 94 കാരനായ പ്രകാശ് സിംഗ് ബാദല്‍ രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. കര്‍ഷകരോ തൊഴിലാളികളോ വ്യാപാരികളോ ആകട്ടെ, സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും വേണ്ടി താന്‍ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 തവണ എം എല്‍ എയായ ബാദല്‍ തന്റെ ആറാമത്തെ തിരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. കഴിഞ്ഞ 50 വര്‍ഷമായി ശിരോമണി അകാലിദളിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത് പ്രകാശ് സിംഗ് ബാദലാണ്.

1969-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രകാശ് സിംഗ് ബാദലാണ് എപ്പോഴും പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. 1969 ന് ശേഷമുള്ള 10 തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. 1969 മുതല്‍ 1985 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ ഗിദ്ദര്‍ബാഹ അസംബ്ലി മണ്ഡലത്തില്‍ നിന്നും 1997 മുതല്‍ 2017 വരെ ലാംബി നിയമസഭാ സീറ്റില്‍ നിന്നും അഞ്ച് തവണയും അദ്ദേഹം വിജയിച്ചു. 1957-ല്‍ മലൗട്ട് സീറ്റില്‍ നിന്നാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതില്‍ വിജയിച്ച അദ്ദേഹം 1967-ല്‍ ഗിദ്ദര്‍ബഹയില്‍ നിന്ന് ഹര്‍ചരണ്‍ സിംഗ് ബ്രാറിനോട് പരാജയപ്പെട്ടിരുന്നു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 15 സീറ്റുകള്‍ മാത്രം നേടിയ ശിരോമണി അകാലിദളിന് മുഖ്യ പ്രതിപക്ഷം എന്ന സ്ഥാനം പോലും നേടാനായിരുന്നില്ല. 20 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയായിരുന്നു മുഖ്യ പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 2.13 കോടി വോട്ടര്‍മാരാണ് പഞ്ചാബ് ഇക്കുറി ജനവിധിയെഴുതുക. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 10 നാണ് ഫലമറിയുക.












Click it and Unblock the Notifications