രാജി സന്നദ്ധത അറിയിച്ച് സിദ്ദു, എഎപിക്ക് അഭിനന്ദനം, രാജി സമര്‍പ്പിക്കാന്‍ ചന്നി
ദില്ലി: പഞ്ചാബില്‍ തോല്‍വിയില്‍ ആകെ നിരാശരായി കോണ്‍ഗ്രസ് ക്യാമ്പ്. ചണ്ഡീഗഡിലെ കോണ്‍ഗ്രസ് ഓഫീസ് ആകെ ആളില്ലാത്ത അവസ്ഥയിലാണ്. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു രാജി സന്നദ്ധത അറിയിച്ചിരിക്കുകയാണ്. അധ്യക്ഷനായി തുടരാനില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റില്‍ 3300 വോട്ടിന് പിന്നിലാണ് അദ്ദേഹം. പഞ്ചാബിലെ തോല്‍വിക്ക് പിന്നാലെ മണ്ഡലത്തില്‍ പിന്നിലായതും സിദ്ദുവിന് നാണക്കേടാണ്. ജനവിധിയെ അംഗീകരിക്കുന്നതായി സിദ്ദു പറഞ്ഞു. ജനശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. ആംആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും സിദ്ദു കുറിച്ചു.

അതേസമയം മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും രണ്ട് മണ്ഡലത്തില്‍ പിന്നിലാണ്. ചംകോര്‍ സാഹിബിലും ബദോറിലുമാണ് ചന്നി മത്സരിച്ചത്. തമ്മിലടിയാണ് തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത്. എഎപിക്ക് പഞ്ചാബില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്ന് സംഗ്രൂരില്‍വ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ധുരിയില്‍ നിന്ന് അദ്ദേഹം ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പട്യാലയില്‍ നിന്നും തോറ്റു. ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും സ്വന്തം മണ്ഡലം പോലും പിടിക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല.
ഭഗവന്ത് മന്നിന്റെ സംഗ്രൂരിലെ വസതിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്ത സര്‍ക്കാര്‍ എഎപിയുണ്ടാവുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സാധാരണക്കാരന്റെ വിജയമാണ് പഞ്ചാബില്‍ കണ്ടതെന്ന് മനീഷ് സിസോദിയ പറഞ്ഞു. എഎപി സാധാരണക്കാരുടെ പാര്‍ട്ടിയാണ്. കെജ്രിവാള്‍ മോഡല്‍ ഭരണത്തിന് പഞ്ചാബ് അവസരം നല്‍കിയത്. ഇത് ദേശീയ തലത്തില്‍ തന്നെ ഉറപ്പായ ഭരണരീതിയാണ്. ഗോവയിലും ഉത്തരാഖണ്ഡിലും യുപിയിലും ഞങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. പക്ഷേ ഫോക്കസ് പഞ്ചാബിലായിരുന്നുവെന്നും സിസോദിയ പറഞ്ഞു. ബാക്കിയുള്ള സംസ്ഥാനങ്ങളും വൈകാതെ എഎപിയില്‍ വിശ്വസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി വൈകാതെ തന്നെ രാജി സമര്‍പ്പിക്കുമെന്നാണ് സൂചന. ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിലെത്തിയിട്ടുണ്ട് അദ്ദേഹം. ഗവര്‍ണറെ ഉടന്‍ കാണുമെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസിന് മാത്രമല്ല ശിരോമണി അകാലിദളിനും തിരിച്ചടി നേരിട്ടിട്ടുണ്ട്. ലമ്പിയില്‍ പ്രകാശ് സിംഗ് ബാദല്‍ തന്നെ പിന്നിലാണ്. അഞ്ച് തവണ മുഖ്യമന്ത്രിയായ നേതാവാണ് അദ്ദേഹം. ഭഗവന്ത് മന്നിന്റെ വീട്ടില്‍ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജിലേബി അടക്കമുള്ള മധുരങ്ങള്‍ വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. 91 സീറ്റിലാണ് എഎപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിനാകെ 17 സീറ്റിലാണ് മുന്നിലെത്താനായത്.












Click it and Unblock the Notifications