പഞ്ചാബ് തിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കി; സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മോദി
ദില്ലി; പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ മോദിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി ജെ പി നേതാവ് മൻജീന്ദർ സിംഗ് സിർസയ്ക്കൊപ്പം 31 നേതാക്കളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

ഡൽഹി ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഹർമീത് സിംഗ് കൽക്ക, പത്മശ്രീ അവാർഡ് ജേതാവ് ബാബ ബൽബീർ സിംഗ് സിചെവാൾ, യമുന നഗറിലെ സേവാപന്തിയിലെ മഹന്ത് കരംജിത് സിംഗ്, കബാബ ജോഗ സിംഗ് തുടങ്ങിയവർ ഉൾപ്പെടെയായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് മജീന്ദർ സിംഗ് സിർസ പറഞ്ഞു. സിഖ് സമുദായത്തിന് വേണ്ടി മോദി സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നതിനാണ് അവർ പ്രധാനമന്ത്രിയെ കണ്ടത്. സിഖ് സമുദായം നേരിടുന്ന ചില പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചെന്നും അത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും മജീന്ദർ സിംഗ് പറഞ്ഞു.
ജമ്മു കാശ്മീരിലെ സിഖ് സമുദായങ്ങൾക്കുള്ള ക്വാട്ടയും ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷം സൈന്യം ഉപേക്ഷിച്ച് പോയവർക്കുള്ള ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചു. 1947 മുതൽ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ മറ്റ് പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കർതാപൂർ ഇടനാഴി തുറന്നത് ഉൾപ്പെടെയുള്ള ചരിത്രപരമായ നടപടികൾ മോദി സർക്കാർ കൈക്കൊണ്ടു, മജീന്ദർ പറഞ്ഞു.
അതേസമയം കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയും പങ്കുവെച്ചിട്ടുണ്ട്. സിഖ് സംസ്‌കാരത്തെ ജനകീയമാക്കുന്നതിലും സമൂഹത്തെ സേവിക്കുന്നതിലും ഈ സിഖ് മത-സാമുദായിക നേതാക്കൾ മുൻപന്തിയിലാണെന്ന് ചിത്രങ്ങൾ പങ്കുവെച്ച് മോദി കുറിച്ചു.












Click it and Unblock the Notifications