ബൈജൂസിനെ കോടതി കയറ്റാന്‍ ഖത്തറും: സകല സ്വത്തിന്റേയും വിവരം അറിയണം, അപൂർവ്വ നടപടി
സാമ്പത്തിക പ്രതിസന്ധിയില്‍ തകർന്നടിഞ്ഞ ബൈജൂസ് ഗ്രൂപ്പിനെതിരെ ഖത്തർ ഭരണകൂടവും രംഗത്ത്. ബൈജൂസിന്റെ ഉടമയായ ബൈജു രവീന്ദ്രൻ്റെ സ്വത്തുക്കൾ വിൽക്കുന്നതോ പണയപ്പെടുത്തുന്നതോ കൈമാറ്റം ചെയ്യുന്നതോ തടയണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഖത്തറിൻ്റെ സോവറിൻ വെൽത്ത് ഫണ്ട് അധികൃതർ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി.
ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊരാളായ ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ബൈജുസ് ഗ്രൂപ്പിലുള്‍പ്പെടെ നിക്ഷേപം നടത്തിയിരുന്നു. ബൈജു രവീന്ദ്രനെയും കൂട്ടാളികളെയും അവരുടെ ഏതെങ്കിലും സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ തടയണമെന്നാണ് കർണാടക ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലുള്ളത്.

1996 ലെ ആർബിട്രേഷൻ ആൻ്റ് കൺസിലിയേഷൻ ആക്‌ട് സെക്ഷൻ 9 പ്രകാരം ഇളവ് തേടി രവീന്ദ്രൻ്റെ 235.19 മില്യൺ ഡോളർ വരെ വിലമതിക്കുന്ന സ്വകാര്യ സ്വത്തിന്‍മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ചെയ്യാൻ ക്യുഐഎ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. 2019-ലും 2022-ലും ബൈജൂസിൽ ഖത്തർ നിക്ഷേപം നടത്തിയിരുന്നു.
2022 ഒക്ടോബറിൽ ഖത്തർ ഉൾപ്പെടെയുള്ള നിലവിലെ നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ നിക്ഷേപം നേടിയതായി ബൈജൂസ് തന്നെ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നപ്പോള്‍ ബൈജൂസിന്റെ അവസാന ഫണ്ടിംഗ് റൗണ്ടില്‍ വീണ്ടും നിക്ഷേപിക്കാന്‍ ഈ ലോണാണ് ഉപയോഗിച്ചത്. 2019 ജൂലൈയിലും ബൈജൂസില്‍ ക്യുഐഎ 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.
ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തുക്കളുടെ വിവരവും ഖത്തർ തേടിയിട്ടുണ്ട്. ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവും നിയന്ത്രിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയുടെ ഇന്‍വെസ്റ്റ്മെന്റ്സും ഈ കേസിലെ പ്രതികളില്‍ ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യൻ സ്‌റ്റാർട്ടപ്പ് കമ്പനികളിലെ ഏറ്റവും പ്രമുഖരായിരുന്ന ബൈജൂസിന്റെ വളർച്ചയും തകർച്ചയും അതിവേഗത്തിലായിരുന്നു. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യം പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് പൂജ്യത്തിലേക് താഴ്ത്തി. ഏകദേശം 2200 കോടി ഡോളർ അഥവാ 1.8 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടായിരുന്ന കമ്പനിയാണ് ഈ നിലയിലേക്ക് കൂപ്പുകുത്തിയത് എന്നതാണ് ശ്രദ്ധേയം.
പ്രമുഖ സ്ഥാപനമായ എച്ച്എസ്ബിസി ബൈജൂസിന്റെ മൂല്യം പൂജ്യത്തിലേക്ക് താഴ്ത്തിയതിന് പിന്നാലെയാണ് ബ്ലാക്ക് റോക്കിന്റേയും നടപടിയുണ്ടായത്. കഴിഞ്ഞ ഒക്ടോബറില്‍ ബൈജൂസിന്റെ മൂല്യം ഏതാണ്ട് 1000 കോടി ഡോളറോളം ബ്ലാക്ക് റോക്ക് വെട്ടികുറച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും കമ്പനി ബൈജൂസിന്റെ മൂല്യം കുറച്ചത്.












Click it and Unblock the Notifications