അപകടകാരി, വിഷം നിറഞ്ഞ മനസ്സുള്ളയാള്‍; ഹിന്‍ഡന്‍ബര്‍ഗിനെ പിന്തുണച്ചതില്‍ രാഹുലിനെതിരെ കങ്കണ
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പിന്തുണച്ചതില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടിയും ബിജെപി എംപിയുമായ കങ്കണ റനാവത്ത്. രാഹുല്‍ അപകടകാരിയായ വ്യക്തിയാണെന്ന് കങ്കണ ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സമ്പദ് ഘടനയെയും അസ്ഥിരപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന കങ്കണ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് സെബി ചെയര്‍പേഴ്‌സനെതിരെ വമ്പന്‍ വെളിപ്പെടുത്തല്‍ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയത്. സെബി മേധാവി മാധബി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട മൗറീഷ്യസിലും ബെര്‍മുഡയിലുമുള്ള രണ്ട് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോപണത്തിന് പിന്നാലെ ബിജെപി റിപ്പോര്‍ട്ടിനെ തള്ളിയിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കങ്കണ രംഗത്ത് വന്നത്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സംയുക്ത പാര്‍ലമെന്ററി സമിതി ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ രാഹുല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ എല്ലാ വഴിയും നോക്കുന്നുണ്ടെന്ന് കങ്കണ ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പിന്തുണച്ചത് അതുകൊണ്ടാണ്. വിദ്വേഷവും, വിഷവും, സര്‍വവും തകര്‍ക്കുന്നതുമായ രീതിയാണ് രാഹുലിന് ഉള്ളതെന്ന് കങ്കണ പറഞ്ഞു.
പ്രധാനമന്ത്രിയാവാന്‍ രാഹുലിന് സാധിച്ചില്ലെങ്കില്‍, രാജ്യത്തെ തന്നെ തകര്‍ക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ അജണ്ട. രാഹുല്‍ ഗാന്ധി ഏറ്റെടുത്ത ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെറും പുകമറയാണ്. അതില്‍ യാതൊന്നുമില്ലെന്ന് കങ്കണ എക്‌സില്‍ കുറിച്ചു. അതേസമയം രാഹുല്‍ ജീവിത കാലം മുഴുവന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കാന്‍ തയ്യാറായിക്കോളൂ എന്നും കങ്കണ പരിഹസിച്ചു.
ഈ രാജ്യത്തെ വളര്‍ച്ചയും ജനങ്ങളുടെ ദേശീയതയും, നിങ്ങളെ ഒരിക്കലും ഈ രാജ്യത്തിന്റെ നേതാവാകാന്‍ അനുവദിക്കില്ല. ഇപ്പോഴത്തെ ഈ തകര്‍ച്ച എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവും. രാജ്യത്തിന് തന്നെ രാഹുല്‍ ഗാന്ധി അപമാനമാണെന്നും കങ്കണ പറഞ്ഞു.
അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ന് വിപണിയിലും തകര്‍ച്ചയുണ്ടായിരുന്നു. ഗൗതം അദാനിക്ക് 53000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സെന്‍സെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 300 പോയിന്റ് തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പിന്നീട് ചെറിയ രീതിയില്‍ നില മെച്ചപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഈ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു രാഹുല്‍. സെബി ചെയര്‍പേഴ്‌സന്‍ രാജിവെക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. സെബിയുടെ വിശ്വാസ്യത തന്നെ തകര്‍ന്നിരിക്കുകയാണ്. നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടാല്‍ ആര് മറുപടി പറയും. എന്തുകൊണ്ടാണ് കേന്ദ്രം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും രാഹുല്‍ ചോദിച്ചിരുന്നു. സുപ്രീം കോടതി ഇടപെടലും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications