രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നിരാഹാര സമരത്തില്‍
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ 27ാം ജന്മദിനം ആചരിക്കവെ സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാകുകയാണ്. രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സംഘടനകളും നടത്തുന്ന സമരം നിരാഹാര സമരത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമരമുഖത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലേക്കും നിരാഹാര സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ വ്യാപിയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ ആഴ്ചയും രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്തിയിരുന്നു. രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് രാഹുല്‍ ഗാന്ധിയും നിരാഹാരമിരിക്കുന്നത്.

രോഹിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രോയയെ പുറത്താക്കുക, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ സസ്‌പെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ രാജിയും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.
എല്ലായിടത്തും നിയമ നിര്‍മാണം കൊണ്ടുവരേണ്ടതുണ്ട്. ഇവിടെ പ്രതിഷേധം നടത്തുന്നവര്‍ക്ക് വേണ്ടി തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. 2000ത്തോളം വിദ്യാര്‍ത്ഥികളാണ് രോഹിത്തിന്റെ ജന്മദിനമായ വെള്ളിയാഴ്ച നടന്ന മെഴുകുതിരി റാലിയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications