
മീശ പിരിച്ച് ഉശിരന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി; കൂടെയുള്ളത് ആരാണെന്ന് അറിയുമോ? വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മാസങ്ങള്‍ പിന്നിട്ട് മധ്യപ്രദേശില്‍ പര്യടനം ആരംഭിച്ചിരിക്കുകയാണ്. വിവിധ കാലാവസ്ഥകളിലൂടെ സംസ്ഥാനങ്ങള്‍ കടന്നുപോയ യാത്രയ്ക്കിടെ ഒട്ടേറെ വീഡിയോകള്‍ വൈറലായിരുന്നു. കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധി യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ യാത്രയില്‍ ഭാഗമായി.
മധ്യപ്രദേശില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ പുതിയ വീഡിയോ വൈറലാണ്. യാത്ര തുടങ്ങിയ ശേഷം താടി വളര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ പുതിയ ലുക്കും ചര്‍ച്ചയാണ്. അതിനിടെയാണ് മീശ പിരിച്ചുള്ള രാഹുലിന്റെ വീഡിയോ വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

മധ്യപ്രദേശിലെ ഖര്‍ഗോണിലൂടെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും സംഘവും നടന്നുപോയത്. രാഹുല്‍ ഗാന്ധി യാത്ര എത്രത്തോളം ഗൗരവത്തില്‍ കാണുന്നു എന്നതിന്റെ തെളിവായിട്ടാണ് അദ്ദേഹത്തിന്റെ താടി വളര്‍ത്തല്‍ ചിലര്‍ സൂചിപ്പിക്കുന്നത്. മുഴുസമയം വോളന്റിയര്‍മാര്‍ക്കൊപ്പം യാത്രയില്‍ ഭാഗമാകുന്നത് കൊണ്ടാണ് മറ്റു കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കാത്തതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

താടിയും മുടിയും വളര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രം നേരത്തെ വൈറലായിരുന്നു. ഇതിനെ പരിഹസിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ രംഗത്തുവന്നതും വിവാദമായി. രാഹുല്‍ ഗാന്ധിയെ കണ്ടാല്‍ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പോലെയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവരികയും ചെയ്തു.

മധ്യപ്രദേശിലെ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മുന്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങും പങ്കെടുത്തു. വിജേന്ദറിനൊപ്പം നടക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധി മീശ പിരിച്ചുകാണിച്ചത്. കൂടെ വിജേന്ദ്രറും. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് സൈബര്‍ ടീം പങ്കുവച്ചതോടെ അതിവേഗം വൈറലായി.

ഹരിയാനയിലെ ഭിവാനി ജില്ലക്കാരനാണ് വിജേന്ദര്‍ സിങ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചിരുന്നു എങ്കിലും തോറ്റു. 2008ലെ ബീജിങ് ഒളിംപിക്‌സിലാണ് അദ്ദേഹം ബോക്‌സിങില്‍ വെങ്കലം നേടിയത്. ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സര്‍ കൂടിയാണ് വിജേന്ദര്‍ സിങ്. കോമണ്‍ വെല്‍ത്ത് ദെയിസിലും അദ്ദേഹം വെങ്കലം നേടിയിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3500 കിലോമീറ്റര്‍ കാല്‍നടയായി പിന്നിടാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അടുത്ത ജനുവരിയില്‍ യാത്ര അവസാനിക്കും. ഇതിനകം നിരവധി സെലിബ്രിറ്റികള്‍ യാത്രയുടെ ഭാഗമായിരുന്നു. ബോളിവുഡ് താരങ്ങളും കായിക താരങ്ങളും യാത്രയുടെ ഭാഗമായി.

നടി പൂജ ഭട്ട്, സംവിധായകന്‍ അമോള്‍ പലേക്കര്‍, റിയ സെന്‍, മോണ അംബേഗോണ്‍ക്കര്‍, രശ്മിക ദേശായി, സുശാന്ത് സിങ് തുടങ്ങിയ സെലിബ്രിറ്റികളും രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നിരുന്നു. മധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലേക്കാണ് യാത്ര കടക്കുക. ഇവിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരാണ് കോണ്‍ഗ്രസിന് വെല്ലുവിളി.