രാഹുൽ ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചത് 113 തവണ'; കോൺഗ്രസ് പരാതിക്ക് സിആർപിഎഫ് മറുപടി
ദില്ലി: ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനത്തിനിടെ രാഹുൽ ഗാന്ധി പല തവണയായി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചിരുന്നുവെന്ന് സി ആർ പി എഫ്. ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചിരുന്നതായും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ദില്ലി പോലീസ് അറിയിച്ചിരുന്നുവെന്നും സി ആർ പി എഫ് വ്യക്താമക്കി. 2020-ന് ശേഷം 113 തവണ രാഹുല്‍ ഗാന്ധി സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സി ആർ പി എഫ് ചൂണ്ടിക്കാട്ടി. ദില്ലിയിലെ ഭാരത് ജോഡോ യാത്രയ്ക്കിടയെ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് കോൺഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സി ആർ പി എഫിന്റെ വിശദീകരണം.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു പരാതി നൽകിയത്. ദില്ലിയിലൂടെയുള്ള ഭാരത് ജോഡോയ്ക്കിടെ കടുത്ത സുരക്ഷ വീഴ്ചയാണ് ദില്ലി പോലീസിൽ നിന്നും ഉണ്ടായത് രാഹുൽ ഗാന്ധിയ്ക്ക് ചുറ്റം കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പോലീസ് പൂർണ പരാജയമായിരുന്നുവെന്നാണ് പരാതിയിൽ കെ സി വേണുഗോപാൽ ആരോപിച്ചത്. എന്നാൽ രാഹുലാണ് നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതെന്നാണ് സി ആർ പി എഫ് ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന പോലീസും മറ്റ് സുരക്ഷ ഏജൻസികളും ഏകോപിപ്പിച്ച് സി ആർ പി എഫ് ആണ് രാഹുലിന്റെ യാത്രയ്ക്ക് വേണ്ടിയുള്ള സുരക്ഷ ക്രമീകരണങ്ങൾ ചെയ്യുന്നത്. യാത്ര നടക്കുന്ന ദിവസത്തിന് മുൻപ് തന്നെ അതായത് ഡിസംബർ 22 ന് സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നിരുന്നു.എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ദില്ലി പോലീസ് തങ്ങളെ അറിയിച്ചിരുന്നു', സി ആർ പി എഫ് വ്യക്തമാക്കി.

'മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് രാഹുൽ ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്.സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൈമാറിയിരുന്നു', സി ആർ പി എഫ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ച മറുപടി കത്തിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയിൽ നിന്നാണ് സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുള്ളതെന്നും ഇക്കാര്യം അദ്ദേഹത്തോട് തന്നെ സംസാരിച്ചിരുന്നുവെന്നും സി ആർ പി എഫ് കത്തിൽ പറയുന്നു. 2020-ന് ശേഷം 113 തവണയാണ് രാഹുല്‍ ഗാന്ധി സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചതെന്നാണ് സി ആർ പി എഫ് ചൂണ്ടിക്കാട്ടിയത്. സെഡ് പ്ലസ് സുരക്ഷയാണ് രാഹുൽ ഗാന്ധിക്കുള്ളത്.

അതേസമയം രാഹുൽ ഗാന്ധിയുടെ ഇനിയുള്ള ദിവസങ്ങളിലെ യാത്രകളിലും കർശന സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലയിലെ പര്യടനം പൂര്ത്തിയാക്കിയതോടെ വിശ്രമത്തിലാണ് രാഹുലും സംഘം. ജനവരി മൂന്നിനാണ് യാത്ര വീണ്ടും പുനഃരാരംഭിക്കുക. യു പി യിലാണ് യാത്ര തുടങ്ങുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെയെല്ലാം അണി നിരത്തി യാത്ര വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടെ കോൺഗ്രസ്. അഖിലേഷ്, മായാവതി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് യാത്രയിൽ പങ്കെടുക്കാൻ ക്ഷണം അറിയിച്ചിട്ടുണ്ടെങ്കിലും നേതാക്കൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications