നടിയുടെ പരാതി; കേന്ദ്രമന്ത്രിയുടെ മകന് മുന്‍കൂര്‍ ജാമ്യം
ബാംഗ്ലൂര്‍: തന്നെ വിവാഹം കഴിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും കാട്ടി ബാംഗ്ലൂരിലെ നടി കേന്ദ്ര റെയില്‍മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ നല്‍കിയ പരാതിയില്‍ ബാംഗ്ലൂര്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കന്നഡ സിനിമ താരം മൈത്രേയ നല്‍കിയ പരാതിയിലാണ് ഗൗഡയുടെ മകന്‍ കാര്‍ത്തിക്കിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപ ജാമ്യത്തുകയായും തതുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം, എല്ലാ മാസവും പതിനഞ്ചിനും 30നും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30-നാണ് കാര്‍ത്തിക് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

മൈത്രേയയുടെ പരാതിയില്‍ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷം കാര്‍ത്തിക് ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയുമായിരുന്നു. ജാമ്യം അനുവദിച്ചു കിട്ടിയതോടെ സദാനന്ദ ഗൗഡയ്ക്കും കുടുംബത്തിനും മകനെ അറസ്റ്റ് ചെയ്തതെന്ന നാണക്കേട് തത്കാലത്തേക്ക് ഒഴിവാക്കാനായി.
കാര്‍ത്തിക് ഈയിടെ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ത്തിക് തന്റെ ഭര്‍ത്താവാണെന്ന് അറിയിച്ച് മൈത്രേയ പോലീസില്‍ പരാതി നല്‍കിയത്. കാര്‍ത്തിക് തന്നെ മാനഭംഗപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിയുടേത് വ്യാജ പരാതിയാണെന്നാണ് സദാനന്ദ ഗൗഡയും മകനും പറയുന്നത്.












Click it and Unblock the Notifications