ഉത്തരേന്ത്യയിൽ മഴ; അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാവില്ലെന്ന് ഐഎംഡി
ഡൽഹി; ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന മഴ കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വസം നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ രാജസ്ഥാൻ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാ ഗങ്ങളിലും അടുത്ത അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലെല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു.
ഉത്തരാഖണ്ഡിൽ പലയിടത്തും ഇടിമിന്നലുണ്ടായി. ജമ്മു കാശ്മീർ, രാജസ്ഥാനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ രാവിലെ അനുഭവപ്പെട്ട താപനില 18 ഡിഗ്രി സെൽഷ്യസ് ആണ്. ദിവസങ്ങൾക്ക് മുമ്പ് ഇത് 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മഴ പലയിടങ്ങളിലെയും വൈദ്യുത തടസത്തിനും കാരണമായി. ഡൽ ഹിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. വരുന്ന ദിവസങ്ങളിലും മഴ തുടരും എന്നാണ് സൂചന.

ഡൽഹിയിലെ ജവൽപുരി, ഗോകൽപുരി, ശങ്കർ റോഡ്, മോത്തി നഗർ പ്രദേശങ്ങളിൽ വീട് തകർന്ന സംഭവങ്ങളിൽ എട്ട് പേർക്ക് പരിക്കേറ്റതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ ഡൽഹിയിലെ ന്യൂ മോട്ടി ബാഗിൽ കാറിനു മുകളിൽ മരം വീണു. സംഭവത്തിൽ ആളപായം ഒന്നും ഉണ്ടായില്ല. ഡൽഹി കന്റോൺമെന്റ്, ധൗല കുവാൻ മേഖലകളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനാൽ ചിലയിടങ്ങളിൽ വൈദ്യുതി വിതരണ ലൈനുകളും തകരാറിലായതായി എന്ന് അധികൃതർ പറഞ്ഞു. നരേല, ബവാന, ബദ്‌ലി, മംഗോൾപുരി, കിരാരി, ഷാലിമാർ ബാഗ്, കേശവ് പുരം, മോത്തി നഗർ എവന്നിവിടങ്ങളിലാണ് വൈദ്യുത തടസം ഉണ്ടായത്.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച ഇടിമിന്നലിനും ആലിപ്പഴ വർഷവത്തിനും സാധ്യതയുണ്ട്. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കഠിനമായി ചൂട് ആയിരുന്നു ആഴ്ചകൾക്ക് മുമ്പ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നത്. മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിൽ സാധാരണയായി 12 മുതൽ 14 ദിവസം വരെ ഇവിടങ്ങളിൽ ഇടിമിന്നലുണ്ടാകും, എന്നാൽ ഈ സീസണിൽ നാലോ അഞ്ചോ ഇടിമിന്നൽ മാത്രമാണ് അനുഭവപ്പെട്ടത്.












Click it and Unblock the Notifications