തമിഴ്‌നാട്ടില്‍ രജനീകാന്ത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ? ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്തി

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: കലങ്ങിമറിയുന്ന തമിഴ് രാഷ്ട്രീയത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന ഭരണകക്ഷിയായ എഐഎഡിഎംകെയുടെ അവസ്ഥയും സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ പ്രതിസന്ധിയും മുതലാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കാവിനേതൃത്വം.

അപ്പോളോയിലെത്തിയത് ജയലളിതയുടെ മൃതദേഹം..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ഡോക്ടര്‍ ..!

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ മുന്‍നിര്‍ത്തിയാവും തമിഴ്‌നാട് പിടിക്കാന്‍ ബിജെപി കളമൊരുക്കുക എന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. ഈ പ്രചാരണങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ടാണ് ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് ചര്‍ച്ച നടത്തിയിരിക്കുന്നത്.

ബിജെപി പിന്തുണ

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് പ്രവേശിക്കുമെന്നത് വളരെ നാളായി അന്തരീക്ഷത്തില്‍ കറങ്ങി നടക്കുന്ന ഒരു വാര്‍ത്തയാണ്. ബിജെപി പിന്തുണയോടെയാവും രാഷ്ട്രീയ പ്രവേശം എന്നായിരുന്നു വാര്‍ത്തകള്‍ പരന്നിരുന്നത്.

ആര്‍എസ്എസുമായി ചർച്ച നടത്തി

എന്നാലിത്തരം വാര്‍ത്തകളോട് സൂപ്പര്‍സ്റ്റാര്‍ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസ് സൈദ്ധാന്ധികന്‍ എസ് ഗുരുമൂര്‍ത്തിയുമായി രജനികാന്ത് ചര്‍ച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കൂടിക്കാഴ്ചയുടെ പൂര്‍ണവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പുതിയ പാർട്ടി?

ബിജെപിയുടെ ബലത്തില്‍ രജനീകാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുമൂര്‍ത്തിയുമായുള്ള ചര്‍ച്ചയില്‍ രജനീകാന്തിന് ലഭിച്ച ഉപദേശവും അത് തന്നെയാണെന്നാണ് വിവരം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രജനീകാന്തിനെ അവതരിപ്പിച്ചേക്കാമെന്നും വാര്‍ത്തകളുണ്ട്.

തമിഴ്നാട് പിടിക്കാൻ

തമിഴ്‌നാട്ടില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുകയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്താല്‍ രജനീകാന്തിനെ മുന്‍നിര്‍ത്തി സംസ്ഥാനം പിടിക്കാനുള്ള പദ്ധതിയാണ് ബിജെപിക്കെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഷ്ട്രീയം കടുക്കും

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് പ്രവേശിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി കടിപിടി കൂടുന്ന ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവും. രജനീകാന്തിന് തമിഴ്‌നാട്ടിലുള്ള വന്‍ആരാധക ബലം രാഷ്ട്രീയത്തില്‍ തുണയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിഗ്ബിയുടെ ഉപദേശം

എന്നാല്‍ രജനീകാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബോളിവുഡിന്റെ ബിഗ് ബി, അമിതാഭ് ബച്ചന്‍ രജനീകാന്തിനോട് തല്‍ക്കാലം രാഷ്ട്രീയം വേണ്ടെന്ന ഉപദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദ് ലോകസഭാ മണ്ഡലത്തില്‍ നിന്നും 1980ല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ചരിത്രമുണ്ട് അമിതാഭിന്.

താരങ്ങൾ വാഴും തമിഴകം

രാഷ്ട്രീയ പ്രവേശം സംബന്ധിച്ച രജനീകാന്തിന്റെ തീരുമാനത്തിന് ഇനിയും എത്ര നാള്‍ തമിഴകം കാത്തിരിക്കേണ്ടി വരുമെന്നുറപ്പില്ല. സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഭരണചക്രം തിരിക്കുന്നത് തമിഴ്‌നാട്ടില്‍ പുതിയ കാഴ്ചയല്ല. എംജിആറും ജയലളിതയും തന്നെ സിനിമയില്‍ നിന്നെത്തി തമിഴകം അടക്കി വാണിരുന്നവരാണ്.

ശക്തി ഇഷ്ടപ്പെടുന്നു

അടുത്തിടെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ താന്‍ ശക്തി ഇഷ്ടപ്പെടുന്ന ആളാണ് എന്ന് രജനീകാന്ത് പറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനയായിട്ടാണ് ഈ വാക്കുകള്‍ വിലയിരുത്തപ്പെട്ടത്.

തലൈവരെ കാത്ത്

തമിഴരുടെ പ്രിയങ്കരനായ രജനീകാന്തിന് സാധാരണക്കാരുടെ നേതാവായി മാറാന്‍ കഴിയുമെന്നാണ് തമിഴകം പ്രതീക്ഷിക്കുന്നത്. കരുണാനിധിയെപ്പോലുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ കത്തി നില്‍ക്കുന്ന സമയത്ത് സിനിമയില്‍ നിന്നെത്തി തമിഴകം കീഴടക്കിയ എംജിആറിന്റെ വഴി രജനീകാന്തും സ്വീകരിക്കുമോ എന്നാണിനി അറിയേണ്ടത്.

English summary
Tamil Superstar Rajinikanth is planning to form new political party with the support of BJP.
Please Wait while comments are loading...