'എല്ലായിടത്തും സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടാകും...'; രന്യ റാവുവിനെ അധിക്ഷേപിച്ച് ബിജെപി എംഎല്‍എ
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെ അധിക്ഷേപിച്ച് കര്‍ണാടക ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍. രന്യ റാവു ദ്വാരങ്ങളുള്ളിടത്തെല്ലാം സ്വര്‍ണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരിക്കും എന്നായിരുന്നു പാട്ടീലിന്റെ അധിക്ഷേപ പരാമര്‍ശം. സ്വര്‍ണക്കടത്ത് കേസില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ശരീരം മുഴുവന്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു, ദ്വാരങ്ങളുള്ളിടത്തെല്ലാം ഒളിപ്പിച്ചു, അത് കടത്തിവിട്ടു' ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞു. കേസില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ യത്‌നാല്‍ ആരോപിച്ചു. നിയമസഭാ സമ്മേളനത്തില്‍ അവരുടെ പേര് പറയുമെന്നും അദ്ദേഹം പറഞ്ഞു.

'ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാ മന്ത്രിമാരുടെയും പേര് നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ പറയും. അവരുടെ ബന്ധങ്ങളെക്കുറിച്ചും, അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സഹായിച്ചവരെക്കുറിച്ചും സ്വര്‍ണ്ണം എങ്ങനെ കൊണ്ടുവന്നു എന്നതിനെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ സ്വര്‍ണ്ണം എവിടെ ഒളിപ്പിച്ചു, എങ്ങനെയാണ് അത് കടത്തിക്കൊണ്ടുപോയത് എന്നതുള്‍പ്പെടെ എല്ലാം ഞാന്‍ സെഷനില്‍ വെളിപ്പെടുത്തും,' എംഎല്‍എ അവകാശപ്പെട്ടു.
കര്‍ണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു മാര്‍ച്ച് 3 ന് ദുബായില്‍ നിന്ന് മടങ്ങുമ്പോള്‍ ആണ് ബെംഗളൂരു വിമാനത്താവളത്തില്‍ 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണവുമായി അറസ്റ്റിലായത്. തുടര്‍ന്ന് അവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2.06 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 2.67 കോടി രൂപ പണവും കണ്ടെടുത്തിരുന്നു.
നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന രന്യ റാവുവിന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും മറ്റ് ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ ഈ വര്‍ഷം രന്യ റാവു 27 തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും വിമാനത്താവള സുരക്ഷാ പ്രോട്ടോക്കോളുകള്‍ മറികടന്ന് ഓരോ യാത്രയിലും ഗണ്യമായ അളവില്‍ സ്വര്‍ണ്ണം കടത്തിയെന്നുമാണ് ഡിആര്‍ഐ പറയുന്നത്.
എന്നാല്‍ ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ 14 കിലോയില്‍ കൂടുതല്‍ സ്വര്‍ണ്ണം കടത്തി എന്നത് കള്ളമാണ് എന്നാണ് രന്യ പറയുന്നത്. ഡിആര്‍ഐയുടെ അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് അയച്ച കത്തില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമിക്കുകയും ശൂന്യവും മുന്‍കൂട്ടി ടൈപ്പ് ചെയ്തതുമായ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് നടി ആരോപിച്ചു. തന്നെ മര്‍ദ്ദിച്ചതായും നടി ആരോപിച്ചു.
നിലവില്‍ കര്‍ണാടക സംസ്ഥാന പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന അവരുടെ പിതാവ് ഡിജിപി രാമചന്ദ്ര റാവുവും സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണം നേരിടുന്നുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications