റേഷൻ അഴിമതി; പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ
കൊൽക്കത്ത: റേഷൻ അഴിമതിക്കേസിൽ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന ജ്യോതിപ്രിയ നിലവിൽ വനം മന്ത്രിയാണ്.
കൊൽക്കത്തയിലെ സാൾട്ട് ബി ബ്ലോക്കിലുള്ള അദ്ദേഹത്തിന്റെ വസതിയിലും കൂടാതെ നാഗേർബസാറിലുള്ള രണ്ട് വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസിൽ നേരത്തെ വ്യവസായി ബാകിബുർ റഹ്മാൻ അറസ്റ്റിലായിരുന്നു. ഇയാളുമായുള്ള ബന്ധമാണ് ജ്യോതിപ്രിയയിലേക്ക് അന്വേഷണം എത്തിയതെന്നാണ് ഇഡി പറയുന്നത്. അതേസമയം താൻ ഗൂഢോലചനയുടെ ഇരയാണെന്ന് അറസ്റ്റിന് പിന്നാലെ ജ്യോതിപ്രിയ പ്രതികരിച്ചു.

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും സഹായി അർപ്പിത മുഖർജിയെയും ഈ വർഷം ആദ്യം ഇഡി അറസ്റ്റ് ചെയ്തിരുന്നു.പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ (ഡബ്ല്യുബിഎസ്‌എസ്‌സി) റിക്രൂട്ട്‌മെന്റ് അഴിമതിയിൽ ഇരുവരും അന്വേഷണം നേരിടുന്നുണ്ടെന്ന് ഇഡി അറിയിച്ചു.
തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടലും പശുക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിയെയും ഇഡി പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം ജ്യോതിപ്രിയ മല്ലിക്കിന്റെ അറസ്റ്റിൽ ഇതുവരെ മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് തൃണമൂൽ കോൺഗ്രസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications