കേന്ദ്രം ദല്‍ഹിയില്‍ മുടക്കിയ പദ്ധതി പഞ്ചാബില്‍, ഇനി രാജ്യത്തുടനീളം വരും: അരവിന്ദ് കെജ്രിവാള്‍
അമൃത്സര്‍: പഞ്ചാബില്‍ ഇനി മുതല്‍ റേഷന്‍ വീട്ടുപടിക്കലെത്തും. ആം ആദ്മി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ പോവുകയാണെന്ന ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച എതിര്‍പ്പുകളെ തുടര്‍ന്ന് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി (എ എ പി) സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയാതെ പോയ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കല്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചതോടെ പദ്ധതി നടപ്പാക്കാന്‍ രാജ്യം മുഴുവന്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
'റേഷന്‍ പദ്ധതിയുടെ വാതില്‍പ്പടി വിതരണം പഞ്ചാബില്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ക്ക് ജോലിയില്‍ നിന്ന് അവധിയെടുക്കുകയും റേഷന്‍ ലഭിക്കാന്‍ നീണ്ട വരിയില്‍ നില്‍ക്കുകയും വേണം. ഈ രാജ്യത്ത്, പിസ്സ വീട്ടില്‍ എത്തിക്കാം, പക്ഷേ റേഷന്‍ നല്‍കില്ല. ഈ സ്‌കീമിന് കീഴില്‍, സര്‍ക്കാര്‍ നിങ്ങളുടെ വീട്ടിലേക്ക് റേഷന്‍ പായ്ക്ക് ചെയ്ത് അയയ്ക്കും, അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആരും വരിയില്‍ നില്‍ക്കേണ്ടി വരില്ലെന്നും പഞ്ചാബിലെ പാവപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ഇത് നടപ്പാക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്. ഞങ്ങള്‍ എല്ലാ ആസൂത്രണവും നടത്തിയിരുന്നു, എന്നാല്‍ ബി ജെ പി ഭരിക്കുന്ന കേന്ദ്രം അത് നടപ്പിലാക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞു, അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനെ ചൊല്ലി ഡല്‍ഹിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ട്. റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള വ്യവസ്ഥ ചെയ്യണമെന്ന് പറഞ്ഞ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് പലതവണ കത്തെഴുതിയിരുന്നു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന് ചട്ടം നിലവിലില്ല. നിയമത്തില്‍ പറഞ്ഞിരിക്കുന്ന റേഷന്‍ വിതരണരീതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ലംഘനമാകുമെന്ന് മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ് സി ഐ) നിന്ന് റേഷന്‍ വാങ്ങി വിതരണം ചെയ്താല്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്നും എന്നാല്‍ എന്‍ എഫ് എസ് എ പ്രകാരം സംസ്ഥാനത്തിന് നല്‍കുന്ന ധാന്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം പഞ്ചാബില്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് കെജ്രിവാള്‍ തിങ്കളാഴ്ച പറഞ്ഞു. കേന്ദ്രം ഞങ്ങളെ തടയാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ പറയുന്നതുപോലെ അനിവാര്യമായ ഒരു ആശയത്തെ നിങ്ങള്‍ക്ക് തടയാന്‍ കഴിയില്ല. അവര്‍ ഞങ്ങളെ ഡല്‍ഹിയില്‍ ഇത് ചെയ്യാന്‍ അനുവദിച്ചില്ല, എന്നാല്‍ പഞ്ചാബില്‍ ചെയ്യും. പദ്ധതി നടപ്പാക്കുന്നത് രാജ്യം കാണുകയും എല്ലായിടത്തും നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും, അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

വര്‍ഷങ്ങളായി, ഡല്‍ഹിയില്‍ ഞങ്ങളെ ജോലിയെടുക്കുന്നതില്‍ നിന്ന് എങ്ങനെ മാറ്റി നിര്‍ത്തിയെന്ന് നിങ്ങള്‍ കണ്ടു. മൊഹല്ല ക്ലിനിക്ക് പദ്ധതി രണ്ട് വര്‍ഷമായി മുടങ്ങി. സി സി ടി സി പദ്ധതി മൂന്ന് വര്‍ഷമായി മുടങ്ങി. പക്ഷേ ഞങ്ങള്‍ അവസാനം ചെയ്തു. കഴിഞ്ഞ 75 വര്‍ഷമായി ഈ രാജ്യത്തെ ജനങ്ങള്‍ പിന്നോട്ട് പോകുകയാണ്. അവര്‍ വളരെ കഴിവുള്ളവരും കഠിനാധ്വാനികളുമാണ്. അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇനി അവര്‍ നിര്‍ത്തില്ല. രണ്ട് സംസ്ഥാനങ്ങളില്‍ തങ്ങളുടെ സര്‍ക്കാര്‍ ഉണ്ട്. ഇപ്പോള്‍ രാജ്യം പുരോഗമനത്തിന്റെ പാതയിലാണെന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications