ഗുജറാത്തിൽ തലവേദനയായി വിമതർ; വരുതിയിലാക്കാൻ അമിത് ഷായുടെ തന്ത്രം 'ടിഎൽസി'
ദില്ലി: ഗുജറാത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ വലിയ വിമത പടയാണ് ബി ജെ പിയിൽ ഉയർന്നത്. സിറ്റിംഗ് എം എൽ എമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പലരും സ്വതന്ത്ര സ്ഥാനാർത്ഥികളാകുമെന്ന വ്യക്തമായ മുന്നറിയിപ്പ് നേതൃത്വത്തിന് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിമതരെ മെരുക്കാൻ തന്ത്രമിറക്കുകയാണ് ബി ജെ പി. സ്ഥാനാര്‍ഥിത്വം ലഭിക്കാത്തവര്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ സ്‌നേഹത്തോടും അനുകമ്പയോടും കൂടി ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ നേതാക്കൾക്ക് നൽകിയ നിർദ്ദേശം.

സംസ്ഥാനത്തെ 182 സീറ്റുകളിൽ 160 സീറ്റുകളിലാണ് ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വിജയ പ്രതീക്ഷ മാത്രം മുൻനിർത്തി ഇറങ്ങുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ 38 സിറ്റിംഗ് എം എൽ എമാർക്ക് ഇക്കുറി പാർട്ടി ടിക്കറ്റ് നൽകിയില്ല. ഇതോടെ നേതാക്കളും അണികളും കടുത്ത പ്രതിഷേധമാണ് നേതൃത്വത്തിനെതിരെ ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തുന്നത്. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
'സ്നേഹത്തോടെയും കരുണയോടെയും' (tender loving care) വിമത നേതാക്കളോട് പെരുമാറണമെന്നാണ് അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിലും ഇത്തരം തന്ത്രങ്ങൾ ബി ജെ പി പുറത്തെടുത്തിരുന്നുവെങ്കിലും ഇക്കുറി കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് നിർദ്ദേശം.
ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഗുജറാത്തിൽ കളമൊരുങ്ങിയിരിക്കുന്നത്. മോർബി പാല ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ചർച്ചയാക്കിയതോടെ ബി ജെ പി പ്രതിസന്ധിയിലായിട്ടുണ്ട്. വിമതർ കൂടി രംഗത്തെത്തിയാൽ പ്രതിസന്ധി രൂക്ഷമാക്കിയേക്കും. കഴിഞ്ഞ ദിവസം നാല് വിമത നേതാക്കളുമായി സംസ്ഥാന ആഭ്യന്തരമന്തി ഹര്‍ഷ് സിംഗ്വി ചർച്ച നടത്തിയിരുന്നു. എന്നാൽ നേതാക്കൾ വഴങ്ങിയിരുന്നില്ല.. വിമത സ്വരം ഉയർത്തിയവരുമായി അമിത് ഷാ നേരിട്ട് ചർച്ച നടത്തിയിരുന്നുവെങ്കിലും നേതാക്കൾ അതൃപ്തിയിൽ തന്നെ തുടരുകയാണ്. ഇതോടെയാണ് അനാവശ്യ വാദ പ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും മുതിരരുതെന്ന് ഷാ നിർദ്ദേശിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിലും ബി ജെ പി വിമത ശല്യം നേരിട്ടിരുന്നു. 16 ഓളം മണ്ഡലങ്ങളിലായിരുന്നു വിമതർ ബി ജെ പിക്ക് വെല്ലുവിളിയായത്.












Click it and Unblock the Notifications