'പഹൽഗാമിനുള്ള മറുപടി,ഭീകരതയുടെ നട്ടെല്ല് തകർക്കുകയായിരുന്നു ലക്ഷ്യം'; വിദേശകാര്യ സെക്രട്ടറി
ഡൽഹി: അതിർത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണമെന്ന് കേന്ദ്രസർക്കാർ. പഹൽഗാം ആക്രമണത്തിൽ പാക് പങ്ക് വ്യക്തമായിരുന്നു. കശ്മീരിന്റെ വികസനവും ടൂറിസവും തകർക്കലായിരുന്നു അവരുടെ ലക്ഷ്യം. രാജ്യത്തെ മതസൗഹാർദം തകർക്കാനും ഭീകരവാദികൾ ലക്ഷ്യമിട്ടുവെന്നും 'ഓപ്പറേഷൻ സിന്ദൂറിനെ' കുറിച്ച് വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം പാകിസ്ഥാനും തീവ്രവാദികളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടി. ഇനിയും ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. അത് തടയുകയും ഭീകരവാദത്തെ നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് ആക്രമണം നടത്തിയത്. ഭീകരതയുടെ നട്ടല്ല് തകർക്കലായിരുന്നു ലക്ഷ്യം', വിക്രം മിശ്രി പറഞ്ഞു.

'ആ ക്രൂരതയെ കുറിച്ച് പ്രധാനമന്ത്രിയോട് പറയൂവെന്നാണ് ഭീകരവാദികൾ പഹൽഗാമിലെത്തിയ വിനോദസഞ്ചാരികളുടെ കുടുംബത്തെ അറിയിച്ചത്. ജമ്മു കാശ്മീരിൽ വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിച്ചുവെന്ന തിരിച്ചറിവിലായിരുന്നു ആക്രമണം. വിനോദസഞ്ചാരത്തെ തകർക്കലായിരുന്നു ലക്ഷ്യം. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം റെസിഡന്റ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിന് ലഷ്കർ ഇ ത്വയിബയുമായി ബന്ധമുണ്ട്. ഈ ആക്രമണത്തിൽ പാകിസ്ഥാൻ ബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 25 ന്, യുഎൻഎസ്‌സിയുടെ മാധ്യമ റിപ്പോർട്ടിൽ നിന്ന് ടിആർഫിനെ പരാമർശിച്ചത് നീക്കാൻ പാക്കിസ്ഥാൻ ആവശ്യപ്പെട്ടുവെന്ന കാര്യം അവഗണിക്കാൻ സാധിക്കില്ല. യഥാർത്ഥത്തിൽ പഹൽഗാം ഭീകരാക്രമണം പാക്കിസ്ഥാന് തീവ്രവാധികളുമായുള്ള ബന്ധം തുറന്നുകാട്ടുന്നതാണ്.
പഹൽഗാമിലെ ആക്രമണം അങ്ങേയറ്റത്തെ ക്രൂരത നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ മുന്നിൽ വെച്ച് വളരെ ക്ലോസ് റേഞ്ചിലാണ് ആളുകളെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ആ കൊലപാതകങ്ങൾ കുടുംബത്തെ മാനസികമായി തളർത്തി. ഇതൊരു മുന്നറിയിപ്പാണെന്ന സന്ദേശമാണ് ഭീകരവാദികൾ ആക്രമണത്തിലൂടെ ലക്ഷ്യം വെച്ചത. കാശ്മീരിൽ സാധാരണ ജീവിതം തിരിച്ചുവരുന്നുവെന്നത് അവരെ അസ്വസ്ഥമാക്കി. അത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം എന്നത് വ്യക്തമാണ്.
ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. അത് തടയുക എന്ന ലക്ഷ്യത്തോടെയും അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനുമാണ് ഇന്ത്യ തങ്ങളുടെ അവകാശം വിനിയോഗിച്ചത്. അളന്നുമുറിച്ചുള്ള പ്രത്യാക്രമണമാണ് നടത്തിയത്. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പഹൽഗാം ആക്രമണത്തിന്റെ കുറ്റവാളികളേയും ആസൂത്രകരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യവശ്യമാണ്. ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രദേശത്തെ തീവ്രവാദികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല', വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനാണ് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു. 'ഒമ്പത് തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ നിരവധി ഭീകരവാദകേന്ദങ്ങൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരവാദികളുടെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാണിത്', വ്യോമിക സിങ് വിശദീകരിച്ചു. പാക്കിസ്ഥാൻ സൈന്യത്തിന്റെ ഒരു കേന്ദ്രങ്ങളും ആക്രമിച്ചിട്ടില്ല. യാതൊരു നാശനഷ്ടങ്ങളും വരുത്താതെയാണ് ആക്രമണം നടത്തിയത്. സാധരണക്കാരന്റെ ജീവന് ഒരു ആപത്തും വരുത്തിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു പ്രത്യാക്രമണം', കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു.
ബുധനാഴ്ച പുലർച്ചയോടെയാണ് പഹൽഗാം ആക്രമണത്തിനുള്ള മറുപടി എന്ന നിലയിൽ പാക്കിസ്ഥാനിലെ 9 ഭീകരാക്രമണ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ആക്രമണത്തിൽ 2 പേർ മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ 19 പേർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കിയത്. ഇന്ത്യൻ തിരിച്ചടിക്ക് പ്രതികരിച്ചതായും ഇന്ത്യയുടെ 5 ഓളം വിമാനങ്ങൾ വെടിവെച്ചിട്ടതായും പാക്കിസ്ഥാൻ സൈന്യം പ്രതികരിച്ചു.












Click it and Unblock the Notifications