ശ്രീരാമനും സീതയും ജീവിച്ച ഗുഹ കണ്ടെത്തി
റായ്പൂര്‍: സന്ന്യാസിയുടെ വാക്ക് കേട്ട് സ്വര്‍ണ ഘനനം നടത്താന്‍ പോയ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അതുകൊണ്ടൊന്നും നിര്‍ത്താന്‍ പ്ലാനില്ല എന്ന് തോന്നുന്നു. രാമായണത്തിലെ ശ്രീരാമനും സീതയും വനവാസക്കാലത്ത് ജീവിച്ച ഗുഹ കണ്ടെത്തി എന്നാണ് പുരാവസ്തു വകുപ്പ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ കോര്‍ബയിലാണ് ദൈവങ്ങള്‍ ജീവിച്ചിരുന്നത്രെ.
പുരാവസ്തു വകുപ്പ് ശ്രീരാമനും സീതയും ജീവിച്ച ഗുഹ കണ്ടെത്തിയതായി സി എന്‍ എന്‍ - ഐ ബി എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുഹയ്ക്കടുത്തുള്ള ശ്രീരാമന്റെ ക്ഷേത്രത്തിന് സമീപത്തായി സീതയുടെ കാല്‍പാടുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സത്യയുഗത്തിലാണത്രെ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ത്രേതായുഗത്തില്‍ ജീവിച്ചു എന്ന് കരുതപ്പെടുന്ന സീതയുടെ കാല്‍പ്പാടുകളാണ് അതിന് മുന്‍പത്തെ യുഗത്തില്‍ നിര്‍മിച്ച ക്ഷേത്രത്തില്‍ കാണുന്നത്.

കോര്‍ബ ഗുഹകളിലൊന്നില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനവാസക്കാലത്ത് രാമലക്ഷ്മണന്മാര്‍ സീതയോടൊരുമിച്ച് കോര്‍ബ ഗുഹകളിലെത്തി എന്നാണ് പറയപ്പെടുന്നത്. ശ്രീരാമനും സീതയും ലക്ഷ്മണനും മറ്റും സാങ്കല്‍പിക കഥാപാത്രങ്ങളാണ് എന്നും അല്ല, ജീവിച്ചിരുന്നവരാണ് എന്നും വാദങ്ങളുണ്ട്. ബാബറി മസ്ജിദ് കേസിലെ വിധിപ്രസ്താവത്തില്‍ ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണ് എന്ന് അലഹാബാദ് ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.
ഇന്ത്യയിലെ പല സ്ഥലങ്ങളിലും വനവാസക്കാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും സന്ദര്‍ശിച്ചതായി പറയപ്പെടുന്നുണ്ട്. ആന്ധ്രപ്രദേശിലെ പ്രശസ്തമായ ലേപാക്ഷി ക്ഷേത്രം ഈ കഥയുമായി ബന്ധമുള്ളതാണ്. വയനാട്ടിലെ ജഡായുപ്പാറ, എടക്കല്‍ ഗുഹകളും ശ്രീരാമനും സീതയും ലക്ഷ്മണനും സന്ദര്‍ശിച്ചതായി പറയപ്പെടുന്നുണ്ട്.












Click it and Unblock the Notifications