രാഹുലിന്‍റെ നീക്കം വിജയം: രേവന്ത് റെഡ്ഡി ഇഫക്ട്, തെലങ്കാനയില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്
ഹൈദരാബാദ്: 2017 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു തെലങ്കാന. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുമായി സഖ്യം ചേര്‍ന്നായിരുന്നു മത്സരം. എന്നാല്‍ മത്സരം ഫലം പുറത്ത് വന്നപ്പോള്‍ ആകെയുള്ള 119 സീറ്റില്‍ 19 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്.
അധികരാത്തിലേറിയതിന് ശേഷവും കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷീണിപ്പിക്കാനുള്ള നീക്കം ടിആര്‍എസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതിന്‍റെ ഫലമായി പത്തിലേറെ കോണ്‍ഗ്രസ് എംഎല്‍എമാരെ ടിആര്‍എസ് ചാക്കിട്ട് പിടിച്ചു. എന്നാല്‍ സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ടിആര്‍എസിന്‍റെ ഈ ചാക്കിട്ട് പിടുത്തതിന് അതേ രീതിയില്‍ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.

2022 ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് തീപ്പൊരി നേതാവായ രേവന്ത് റെഡ്ഡിയെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഉത്തം കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായിട്ടാണ് രേവന്ത് റെഡ്ഡി വരുന്നത്.

തിരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ മതസാമുദായിക വിഭാഗങ്ങള്‍ക്കും പിസിസിയില്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ, ഗീത റെഡ്ഡി, മഹേഷ് കുമാർ ഗൗഡ എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡൻറുമാർ

നിലവിലെ ടിആര്‍എസ് ഭരണത്തില്‍ സംസ്ഥാനത്തെ പ്രബല സമുദായമായ റെഡ്ഡികള്‍ അസംതൃപ്തരാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് രേവന്ത് റെഡ്ഡിയെ പാര്‍ട്ടിയുടെ തലപ്പേത്ത് എത്തിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പുതിയ കമ്മിറ്റിയെ നിയമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേതൃത്വത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ആക്കം നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ രേവന്ത് റെഡ്ഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. പാര്‍ട്ടിയെ താഴെത്തട്ട് മുതല്‍ ശക്തിപ്പെടുത്തുന്ന നീക്കവുമായി മുന്നോട്ട് പോവുന്ന രേവന്ത് റെഡ്ഡി മറ്റി പാര്‍ട്ടികളിലെ ജനപ്രിയരായ നേതാക്കളെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.

അത്തരം ചില നീക്കങ്ങള്‍ വിജയത്തിലേക്ക് എത്തുന്നുവെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പ്രമുഖരായ ചില ബിജെപി, ടിആര്‍എസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കും.

ടിആര്‍എസ് നേതാവും മുന്‍ നിസാമാബാദ് മേയറുമായ ധർമ്മപുരി സഞ്ജയും ബിജെപി നേതാവായ എറ ശേഖറുമാണ് കോണ്‍ഗ്രസില്‍ ചേരുന്ന നേതാക്കളില്‍ പ്രമുഖര്‍. ജാദെർലയില്‍ നിന്നുള്ള മുന്‍ എംഎല്‍എ കൂടിയാണ് എറ ശേഖര്‍. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുകയാണെന്നും ഇരുവരും പറഞ്ഞു

ജനങ്ങള്‍ക്ക് വേണ്ടി വളരെയേറെ ഗുണം ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിയും എന്നതുകൊണ്ട് കൂടിയാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന താന്‍ പിതാവിന്‍റെ താല്‍പര്യ പ്രകാരമായിരുന്നു ടിആര്‍എസിലേക്ക് പോയതെന്നും ധര്‍മ്മപുരി സഞ്ജയ് പറഞ്ഞു.

നിസാമബാദ് എംപിയും പ്രമുഖ ബിജെപി നേതാവുമായ ധർമ്മപുരി അരവിന്ദിന്‍റെ സഹോദരന്‍ കൂടിയാണ് ധര്‍മ്മപുരി സജ്ജയ്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മൂന്നോടിയായി ദില്ലിയിലെത്തി ഹൈക്കമാന്‍ഡ് നേതാക്കളുമായി സജ്ജയ് കൂടിക്കാഴ്ച നടത്തും. ഭൂപാലപ്പള്ളിയിലെ മറ്റൊരു മുതിർന്ന ബിജെപി നേതാവ് ഗാന്ദ്ര സത്യനാരായണനും കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് എറ ശേഖര്‍ വ്യക്തമാക്കിയത്. മഹാബൂബ് നഗർ ജില്ലയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ രാജി കത്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ്ക്ക് ഫാക്സ് ചെയ്തതായും ശേഖര്‍ അറിയിച്ചു.

നിരവധി ടിആർഎസ് എംഎൽഎമാരും നേതാക്കളും കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉചിതമായ സമയത്ത് അവര്‍ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും രേവന്ത് റെഡ്ഡി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തിരികെ വരുന്നവരില്‍ ചിലർ മുമ്പ് കോൺഗ്രസിൽ നിന്ന് ടിആർഎസിലേക്ക് പോയവരാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്












Click it and Unblock the Notifications