രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വസതിയുടെ പേര് മാറ്റി, ബാരിക്കേഡ് നീക്കി
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. തെലങ്കാനയുടെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വ്യക്തിയുമാണ് രേവന്ത് റെഡ്ഡി. അധികാരമേല്‍ക്കുന്ന വേളയില്‍ തന്നെ ഹൈദരാബാദില്‍ പൊളിച്ചെഴുത്ത് തുടങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് പ്രഗതി ഭവന്‍ എന്നത് മാറ്റി പ്രജാ ഭവന്‍ എന്നാക്കി. മാത്രമല്ല, മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളായിരുന്നു ഇതെല്ലാം. മാറ്റത്തിന്റെ കാറ്റ് തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിലെ എല്‍ബി സ്‌റ്റേഡിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് 54കാരനായ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചൊല്ലിയത്. 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യവാചകം ചൊല്ലി. മല്ലു ഭാട്ടി വിക്രമര്‍ക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. ബിആര്‍എസിന്റെ ആനന്ദ് മേതുകു, ബിജെപിയുടെ പി നവീന്‍ കുമാര്‍ എന്നിവരെ പരാജയപ്പെടുത്തി വിസറാബാദില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗദ്ദം പ്രസാദ് കുമര്‍ ആണ് പുതിയ നിയമസഭാ സ്പീക്കര്‍.
ഉദ്ദം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു, പൊന്നം പ്രഭാകര്‍, കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജ നരസിംഹ, പൊങ്കുലതി ശ്രീനിവാസ് റെഡ്ഡി, ദന അനസൂയ എന്ന സീതക്ക, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ട സുരേഖ, ജുപല്ലി കൃഷ്ണ റാവു എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലിയ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍. വകുപ്പ് വിഭജനം ചെയ്തുള്ള അറിയിപ്പ് വൈകാതെ വരും.
അതേസമയം, മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലുള്ള ബാരിക്കേഡുകള്‍ മാറ്റിയത് ജനപ്രീതിക്ക് ഇടയാക്കിയിട്ടുണ്ട്. ഗതാഗത തടസത്തിന് കാരണമാകുന്നുവെന്ന് പലപ്പോഴും ആക്ഷേപം ഉയര്‍ന്ന ബാരിക്കേഡാണ് മാറ്റിയത്. ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന എല്ലാം തുടച്ചുനീക്കുമെന്ന് നേരത്തെ രേവന്ത് റെഡ്ഡിയും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications