മുംബൈ ഭീകരാക്രമണം: ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായില്ല, ആവർത്തിച്ചാല്‍ സ്ഥിതി അതാവില്ല: എസ് ജയശങ്കർ
പൂനൈ: ഇന്ത്യയെ നടുക്കിയ ഭീകരമാക്രമണങ്ങളില്‍ ഒന്നായിരുന്നു 2008 നവംബർ 26 ന് മുംബൈയില്‍ നടന്നത്. '26/11' എന്ന് അറിയപ്പെടുന്ന ഈ ആക്രമണത്തില്‍ 166 പേർക്ക് ജീവന്‍ നഷ്ടമാകുകയും മുന്നൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമത്തിലെ പാകിസ്താന്റെ പങ്ക് വ്യക്തമാകുകയും ജീവനോടെ പിടികൂടിയ അജ്മല്‍ കസബ് എന്ന ഭീകരനെ ഇന്ത്യ തൂക്കിക്കൊല്ലുകയും ചെയ്തിരുന്നു. അതേസമയം 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നെന്നാണ് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്.
26/11 ആക്രണത്തിന് ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ഇത്തരമൊരു സംഭവം ആവർത്തിച്ചാൽ പ്രതികരണമുണ്ടാവാത്ത സ്ഥിതി ആയിരിക്കില്ലെന്നും വിദേശകാര്യ പറഞ്ഞു. "മുംബൈയിൽ സംഭവിച്ചത് ആവർത്തിക്കരുത്. ഭീകരാക്രമണം ഉണ്ടായെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഇന്ത്യയ്ക്കും ലോകത്തിനുമുള്ള തീവ്രവാദ വിരുദ്ധതയുടെ പ്രതീകമാണ് മുംബൈ," മന്ത്രി അഭിപ്രായപ്പെട്ടു.

"ഭീകരാക്രമണം നടന്ന അതേ ഹോട്ടലിൽ വെച്ചാണ് നമ്മള്‍ തീവ്രവാദ വിരുദ്ധ സമിതി യോഗം ചേർന്നത്. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നുവെന്ന് ജനങ്ങൾക്ക് അറിയാം. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇന്ത്യ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്നു " ഇന്ത്യ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അംഗമായിരുന്നപ്പോൾ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്ന എസ് ജയശങ്കർ പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ കടുത്ത നടപടികളെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ തന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ പ്രതികരണമുണ്ടാകുമെന്നും വ്യക്തമാണ്. ഭീകരതയെ നമ്മള്‍ തുറന്ന് കാട്ടണം. നിങ്ങൾ പകൽ മറ്റൊരു കച്ചവടം ചെയ്യുകയും രാത്രിയിൽ ഭീകരതയിൽ മുഴുകുന്നതും അംഗീകരിക്കാനാവില്ല. ഭീകരതയ്ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഏവർക്കും അറിയാം. ഞങ്ങൾ തീവ്രവാദത്തെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ എ സി) ഇന്ത്യയും ചൈനയും ഉടൻ പട്രോളിംഗ് പുനരാരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതിർത്തി തർക്കം ആരംഭിക്കുന്നതിന് മുമ്പ് 2020 ഏപ്രിലിൽ ഉണ്ടായിരുന്നതുപോലെ ക്രമീകരണം പുനഃസ്ഥാപിക്കും. എല്ലാ പ്രശ്നങ്ങളും ഇതിനാല്‍ പരഹിരിച്ചുവെന്ന് അല്ല വ്യക്തമാക്കുന്നത്. എല്‍ എ സിയിലെ കരാർ സാധ്യമായ സാഹചര്യത്തില്‍ സൈന്യത്തിനും നയതന്ത്ര പ്രവർത്തനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ചർച്ചകളുടെ അടുത്ത ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുനൈയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്ര മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications