'ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ബബിത ഫോഗട്ട് ആസൂത്രണം ചെയ്‌തത്'; കാരണവും വെളിപ്പെടുത്തി സാക്ഷി മാലിക്
ന്യൂഡൽഹി: ബിജെപി നേതാവും ഗുസ്‌തി താരവുമായിരുന്ന ബബിത ഫോഗട്ടിനെതിരെ ഗുരുതര ആരോപണവുമായി സാക്ഷി മാലിക് രംഗത്ത്. ഗുസ്‌തി ഫെഡറേഷൻ മേധാവി സ്ഥാനം ലക്ഷ്യമിട്ട് ബ്രിജ് ഭൂഷൺ സിംഗിനെതിരായ സമരത്തിന് ഗുസ്‌തി താരങ്ങളെ പ്രേരിപ്പിച്ചത് ബബിത ഫോഗട്ട് ആണെന്നാണ് സാക്ഷി മാലിക് അവകാശപ്പെടുന്നത്. ഇന്ത്യടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
മോശം പെരുമാറ്റത്തിലും മറ്റ് നടപടികളിലും ഫെഡറേഷന് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ സമരം ചെയ്യണം എന്നാവശ്യപ്പെട്ട് ബബിത നിരവധി ഗുസ്‌തി താരങ്ങളെ നേരിട്ട് കണ്ടിരുന്നുവെന്നും സാക്ഷി മാലിക് പറയുന്നു. ഇതിന് പിന്നിൽ അവരുടെ കൃത്യമായ അജണ്ട ഉണ്ടായിരുന്നുവെന്നും അതിന് വേണ്ടിയാണ് അവർ ഒപ്പം നിന്നതെന്നും സാക്ഷി വ്യക്തമാക്കി.

കോൺഗ്രസ് തങ്ങളുടെ പ്രതിഷേധത്തിന് സഹായം നൽകിയെന്ന് ആരോപണം തള്ളിയ സാക്ഷി മാലിക് രണ്ട് ബിജെപി നേതാക്കളാണ് യഥാർത്ഥത്തിൽ ഈ പ്രതിഷേധത്തിന് ആവശ്യമായ അനുമതി നൽകിയതും സഹായിച്ചതുമെന്നും സാക്ഷി പറഞ്ഞു. ബബിത ഫോഗട്ടും തിരത് റാണയുമാണ് ഈ ബിജെപി നേതാക്കൾ എന്നാണ് അവർ പറയുന്നത്.
എന്നാൽ പ്രതിഷേധം പൂർണമായും ബബിത ഫോഗട്ടിന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ലെന്നും അതിന് തുടക്കമിട്ടത് അവരാണെന്ന് മാത്രമേ ഉള്ളുവെന്നും സാക്ഷി പറഞ്ഞു. 'ഫെഡറേഷനിൽ ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ ഒരു സ്ത്രീ ചുമതലയേറ്റാൽ, പ്രത്യേകിച്ച് ബബിതയെ പോലെ ഒരാൾ നല്ല മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങൾ വിശ്വസിച്ചു. പക്ഷേ ഞങ്ങളെ വച്ച് ഇത്ര വലിയ കളി അവർ കളിക്കുമെന്ന് കരുതിയില്ല' സാക്ഷി ചൂണ്ടിക്കാട്ടി.
കൂടാതെ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തിന് അന്ത്യമായെന്ന ബ്രിജ് ഭൂഷൺ സിംഗിന്റെ അവകാശവാദത്തിന് സാക്ഷി മാലിക് ചുട്ട മറുപടിയും നൽകി. വിനേഷ് ഫോഗട്ടിന്റെ മുന്നേറ്റം തന്നെ പ്രതിഷേധം ശരിയാ ദിശയിൽ ആണെന്നതിന്റെ തെളിവ് ആണെന്നും മറിച്ചായിരുന്നെങ്കിൽ അവർക്ക് ഒരിക്കലും ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയില്ലായിരുന്നുവെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
അതേസമയം, ഗുസ്‌തി ഫെഡറേഷൻ മേധാവി ആയിരുന്ന ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ താരങ്ങൾ ഉൾപ്പെടെ രംഗത്ത് വന്നതോടെ ആയിരുന്നു സമരത്തിന്റെ തുടക്കം. തുടർന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ആളിപ്പടർന്നിരുന്നു. ബിജെപിയുടെ മുൻ എംപി കൂടിയായിരുന്നു ബ്രിജ് ഭൂഷൺ സിംഗ്.












Click it and Unblock the Notifications